SHARE

നിലവിൽ ലോകഫുട്ബോളിലെ ഏറ്റവും മികച്ച താരങ്ങളെന്ന് വിശേഷിക്കപ്പെടുന്ന രണ്ട് പേരാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയും, ലയണൽ മെസിയും. കഴിഞ്ഞ ദിവസം സ്പെയിനെതിരെ നടന്ന മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ തകർപ്പൻ ഹാട്രിക്കുമായി വരവറിയിച്ചതോടെ ഐസ്ലൻഡിനെതിരെ മെസിയുടെ പ്രകടനം ഏറെ ആകാംക്ഷയോടെയാണ് ഫുട്ബോൾ ലോകം ഉറ്റുനോക്കിയത്. എന്നാൽ മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുത്തിട്ടും ഗോൾ നേടാൻ മെസിക്ക് കഴിഞ്ഞില്ല, ഇതിനൊപ്പം പെനാൽറ്റി നഷ്ടപ്പെടുത്തിയതും ടീം ഐസ്ലൻഡിനെതിരെ സമനിലക്കുരുക്കിൽ കുടുങ്ങിയതും മുറിവിൽ മുളക് തേക്കുന്ന അവസ്ഥ മെസിക്ക് സമ്മാനിച്ചു.

കളംനിറഞ്ഞ് കളിച്ചിട്ടും കളി ജയിക്കാൻ അനിവാര്യമായ ഗോളുകൾ നേടാൻ കഴിയാതിരുന്നതാണ് ഐസ്ലൻഡിനെതിരെ മെസിക്ക് വിനയായത്. പലപ്പോളും അർജന്റീന നിരയിൽ ഒരു ഒറ്റയാനെപ്പോലെയായിരുന്നു മെസി. ശക്തമായ ഐസ്ലൻഡ് പ്രതിരോധം പലതവണയും മറികടന്നെങ്കിലും ഗോൾ വല കുലുക്കാൻ മാത്രം അദ്ദേഹത്തിന് കഴിഞ്ഞില്ല.

മത്സരത്തിൽ മെസി മാത്രം ഗോളുകളിലേക്ക് തൊടുത്തത് 11 ഷോട്ടുകളാണ്. ഐസ്ലൻഡ് ടീം മൊത്തത്തിൽ തൊടുത്തത് 8 ഷോട്ടുകളാണെന്ന് അറിയുമ്പോളാണ് മെസിയുടെ പ്രകടനം എത്രത്തോളം മികച്ചതാണെന്ന് നമുക്ക് മനസിലാകുന്നത്. എന്നാൽ ഇതിലൂടെ മറക്കാൻ മാത്രം ആഗ്രഹിക്കുന്ന ഒരു ലോകകപ്പ് റെക്കോർഡും മെസിയുടെ പേരിലായി. 1966 ന് ശേഷം ഗോളുകൾ സ്കോർ ചെയ്യാതെ ഒരു ലോകകപ്പ് മത്സരത്തിൽ ഏറ്റവും കൂടുതൽ ഷോട്ടുകൾ തൊടുക്കുന്ന അർജന്റീനൻ താരമെന്ന റെക്കോർഡാണ് ഇന്നത്തെ മത്സരത്തോടെ മെസിയുടെ പേരിലായത്.

കഴിഞ്ഞ ദിവസം സ്പെയിനെതിരായ മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ ആകെ തൊടുത്തത് നാല് ഷോട്ടുകളാണ് അതിൽമൂന്നെണ്ണവും ഗോളുകളുമായി. മൂന്നാമത്തെ ഫ്രീകിക്ക് ഗോളായിരുന്നു അതിൽ ഏറ്റവും മനോഹരം. ക്രിസ്റ്റ്യാനോ തന്റെ ആദ്യ മത്സരത്തിൽത്തന്നെ ഹാട്രിക്ക് നേടി മികവ് തെളിയിച്ചപ്പോൾ ഐസ്ലൻഡിനെതിരെ ഗോൾ കണ്ടെത്താൻ മെസിക്ക് കഴിയാതിരുന്നത് അദ്ദേഹത്തെയും അദ്ദേഹത്തിന്റെ ആരാധകരെയേയും വലിയ നിരാശയിലേക്കാണ് തള്ളിയിടുന്നത്. എങ്കിലും വരും മത്സരങ്ങളിൽ ഗോളുകൾ കണ്ടെത്തി തങ്ങളുടെ പ്രിയ താരം ഗോൾ സ്കോറിംഗ് മികവിലേക്ക് തിരിച്ചെത്തുമെന്നാണ് ഇപ്പോൾ ആരാധക പ്രതീക്ഷ.