SHARE

28 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ലോകകപ്പ് കളിക്കാനൊരുങ്ങുകയാണ് ഈജിപ്ത്. ലിവര്‍പൂളിന് വേണ്ടി കളിക്കുന്ന സൂപ്പര്‍ താരം മുഹമ്മദ് സാലയുടെ ചിറകിലേറിയാണ് അവര്‍ ലോകകപ്പ് യോഗ്യതയെന്ന കടമ്പ കടന്നത്. സാലക്ക് പുറമേ, ആഴ്‌സണൽ താരം മുഹമ്മദ് എല്‍നെനിയും ഈജിപ്ത് ദേശീയ ടീമിലെ നിര്‍ണ്ണായക സാന്നിധ്യമാണ്.

എന്നാല്‍ എല്‍നെനിക്കേറ്റ പരുക്ക് ഇപ്പോള്‍ ഈജിപ്തിനെ ആശങ്കയിലാഴ്ത്തുകയാണ്. വെസ്റ്റ്ഹാമും ആഴ്‌സണലും തമ്മില്‍ നടന്ന പ്രീമിയര്‍ ലീഗ് മത്സരത്തിനിടെ എതിര്‍ താരം മാര്‍ക് നോബിളിന്റെ ഫൗളിനിടയിലാണ് ഈജിപ്ഷ്യന്‍ മധ്യനിരതാരത്തിന് പരുക്കേറ്റത്. പിന്നീട് താരത്തെ സ്‌ട്രൈക്ചറില്‍ കയറ്റിയാണ് പുറത്തേക്ക് കൊണ്ടു പോയത്. ഈജിപ്തിന് വേണ്ടി 57 മത്സരങ്ങള്‍ കളിച്ച എല്‍നെനിക്ക് പകരം ആഴ്‌സണല്‍ പിന്നീട് ആന്‍സ്ലെ മൈറ്റ്‌ലാന്‍ഡിനെ കളത്തിലിറക്കി.

യൂറോപ്പ ലീഗ് സെമിഫൈനലില്‍ അത്‌ലറ്റികോ മഡ്രിഡിനെ നേരിടുന്ന ആഴ്‌സണലിനും താരത്തിന്റെ പരുക്ക് വന്‍ തിരിച്ചടിയാണ്. ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തില്‍ ഉറുഗ്വേ, സൗദി അറേബ്യ, ആതിഥേയരായ റഷ്യ എന്നിവരോടാണ് ഈജിപ്തിന് ഏറ്റുമുട്ടാനുള്ളത്. ജൂണ്‍ 15ന് ഉറുഗ്വേയ്‌ക്കെതിരെയാണ് അവരുടെ ആദ്യ മത്സരം.