SHARE

അർജന്റൈൻ ​ഗോളി എമിലിയാനോ മാർട്ടിനെസ് ഇം​ഗ്ലീഷ് സൂപ്പർ ക്ലബ് ആഴ്സനലിനോട് വിടപറഞ്ഞു. മറ്റൊരു പ്രീമിയർ ലീ​ഗ് ക്ലബായ ആസ്റ്റൺ വില്ലയിലേക്കാണ് ഈ 28-കാരൻ കൂടുമാറുന്നത്. ആഴ്സനലിന്റെ എഫ്.എ.കപ്പ്, കമ്മ്യൂണിറ്റി ഷീൽഡ് കിരീടനേട്ടങ്ങളിൽ പ്രധാന പങ്ക് വഹിച്ച താരമാണ് മാർട്ടിനെസ്

ദീർഘനാളായി ആഴ്സനലിന്റെ ബാക്ക് അപ് ​ഗോളിയായിരുന്നു മാർട്ടിനെസ്. കഴിഞ്ഞ സീസണിൽ ലോക്ക്ഡൗണിന് ശേഷം പ്രീമിയർ ലീ​ഗ് പുനരാരംഭിച്ചതിന് പിന്നാലെ ആഴ്സനലിന്റെ ഒന്നാം ​ഗോളി ബേൺഡ് ലെനോ പരുക്കേറ്റ് പുറത്തായി. ഇതോടെയാണ് മാർട്ടിനെസിന് അവസരം ലഭിച്ചത്. തുടർന്ന് കളിച്ച മത്സരങ്ങളിലൊക്കെ മിന്നുന്ന പ്രകടനമാണ് മാർട്ടിനെസ് നടത്തിയത്. ഇതോട ആരാധകരുടെ ഇടയിലും മാർട്ടിനെസ് ഫേവറിറ്റായി.

-Advertisement-

ഇതോടെ പുതിയ സീസൺ തുടങ്ങുമ്പോൾ ഒന്നാം ​ഗോളി സ്ഥാനത്തേക്ക് ആരെ തിരഞ്ഞെടുക്കണമെന്ന കാര്യത്തിൽ തർക്കമുയർന്നു. ഒന്നാം ​ഗോളി സ്ഥാനം വേണമെന്ന് മാർട്ടിനെസും ആവശ്യപ്പെട്ടു. ഈ തർക്കം രൂക്ഷമായതോടെ ലെനോയ്ക്കൊപ്പം തന്നെ നിൽക്കാൻ പരിശീലകൻ മിക്കൽ അർറ്റേറ്റ തീരുമാനിച്ചു. ഇതോടെയാണ് മാർട്ടിനെസ് ക്ലബ് വിടുന്നത്.

21 ദശലക്ഷം യൂറോ മുടക്കിയാണ് വില്ല മാർട്ടിനെസിനെ ടീമിലെത്തിക്കുന്നത്. നാല് വർഷത്തെ കരാറും ഈ അർജന്റൈൻ ​ഗോളി ഒപ്പുവയ്ക്കും. 2012-ൽ ആഴ്സനലിലെത്തിയ മാർട്ടിനെസ് ഒട്ടേറെ ക്ലബുകളിൽ ലോണിൽ കളിച്ചശേഷമാണിപ്പോൾ പുതിയൊരു ക്ലബിലേക്ക് സ്ഥിരമായി മാറുന്നത്.