SHARE

ഐ.പി.എൽ ഫൈനലിലെ പരാജയത്തിനുശേഷം സഞ്ജു സാംസനെതിരെ പരിഹാസങ്ങളും അധിക്ഷേപങ്ങളും ശാപവാക്കുകളും പ്രവഹിക്കുകയാണ്.
”ഇന്ത്യൻ ടീമിൽ കളിക്കാനുള്ള യോഗ്യതയില്ലെന്ന് സഞ്ജു തെളിയിച്ചു…”
”ടോസ് ലഭിച്ചിട്ടും ബാറ്റിങ്ങ് തെരഞ്ഞെടുത്ത മണ്ടൻ…”
”സഞ്ജുവും രാജസ്ഥാനും മലയാളികൾക്ക് നാണക്കേടുണ്ടാക്കി…”
മുകളിൽ പറഞ്ഞത് പോലെയാണ് കമൻ്റുകളുടെ ഏകദേശ സ്വഭാവം. സത്യത്തിൽ അത്ഭുതം തോന്നി. ചില മലയാളികൾ ഇത്രയേറെ പക സഞ്ജുവിനോട് കാണിക്കുന്നത് എന്തിനാണ്!?
പണ്ട് സഞ്ജു പറഞ്ഞിട്ടുണ്ട്-
”ഞാൻ തോൽക്കുമ്പോഴും കുറേപ്പേർ എന്നെ പിന്തുണയ്ക്കാറുണ്ട്. അതുകാണുമ്പോൾ നല്ല സന്തോഷവും തോന്നാറുണ്ട്…”
എനിക്ക് പറയാനുള്ളതും അതുതന്നെയാണ്. ജയിക്കുമ്പോൾ പ്രശംസ ചൊരിയുന്നത് അത്ര വലിയ കാര്യമല്ല. മോശം സമയങ്ങളിലാണ് ഒരു മനുഷ്യൻ്റെ കൂടെ നിൽക്കേണ്ടത്. തോറ്റുനിൽക്കുന്ന സഞ്ജുവിനെ ചേർത്തുപിടിക്കാനാണ് എനിക്കിഷ്ടം.


നോക്കൗട്ട് മത്സരങ്ങളിൽ ആദ്യം ബാറ്റ് ചെയ്യുന്നതാണ് അഭികാമ്യം. ഐ.പി.എൽ ഫൈനലുകളുടെ ചരിത്രം പരിശോധിച്ചാൽ റൺ ചെയ്സ് ചെയ്ത ടീമുകളാണ് കൂടുതൽ തോൽവികൾ ഏറ്റുവാങ്ങിയിട്ടുള്ളത്. ക്രിക്കറ്റിന് എന്തെല്ലാം പരിണാമങ്ങൾ സംഭവിച്ചാലും റൺചേസ് എന്നത് അധിക സമ്മർദ്ദം തന്നെയാണ്.
ആദ്യം ബാറ്റ് ചെയ്ത് മത്സരങ്ങൾ പോക്കറ്റിലാക്കുന്ന രാജസ്ഥാൻ ടീം ലീഗ് സ്റ്റേജിലെ പതിവുകാഴ്ച്ചയായിരുന്നു. ഇതെല്ലാം കണക്കിലെടുത്താണ് ഫൈനലിൽ സഞ്ജു ബാറ്റ് ചെയ്യാൻ തീരുമാനിച്ചത്. അതിന് അയാളെ ചീത്ത വിളിച്ചിട്ട് എന്താണ് പ്രയോജനം?
ബാറ്റിങ്ങിൽ സഞ്ജു പരാജയപ്പെട്ടു എന്നത് ശരിയാണ്. രാജസ്ഥാൻ്റെ പ്രധാന ആശ്രയമായ ജോസ് ബട്ലർ ബുദ്ധിമുട്ടുന്ന സമയത്ത് അറ്റാക്കിങ്ങ് ബാറ്റിങ്ങിലൂടെ ഒരു ടോൺ സെറ്റ് ചെയ്യാനാണ് സഞ്ജു ശ്രമിച്ചത്.


ലോക്കി ഫെർഗൂസൻ്റെ 155 കിലോമീറ്ററോളം വേഗതയുണ്ടായിരുന്ന ഒരു പന്തിനെ ബൗണ്ടറിയിലേക്ക് പറഞ്ഞയച്ചാണ് സഞ്ജു ആരംഭിച്ചത്. റഷീദ് ഖാനും മൊഹമ്മദ് ഷമിയുമൊക്കെ പന്തെറിയാൻ കാത്തുനിൽക്കുമ്പോൾ ഹാർദിക് പാണ്ഡ്യയെ ആക്രമിക്കാൻ തുനിഞ്ഞത് ശരിയായ നീക്കമായിരുന്നു. സഞ്ജുവിൻ്റെ നിർഭാഗ്യം മൂലം അത് വിജയിച്ചില്ല എന്നുമാത്രം.
ദേവ്ദത്ത് പടിക്കൽ,റിയാൻ പരാഗ്,ഷിംറോൺ ഹെറ്റ്മയർ തുടങ്ങിയ ബാറ്റർമാർ സഞ്ജുവിൻ്റെ വീഴ്ച്ചയ്ക്കുശേഷവും അവശേഷിച്ചിരുന്നു. രാജസ്ഥാനെ രക്ഷിക്കാൻ അവർക്കും സാധിച്ചില്ല.


രാജസ്ഥാൻ മോശം ടോട്ടലിൽ ഒതുങ്ങിപ്പോയെങ്കിലും സഞ്ജു എന്ന നായകൻ എളുപ്പത്തിൽ അടിയറവ് പറയാൻ ഒരുക്കമായിരുന്നില്ല. ഗുജറാത്തിൻ്റെ ജയത്തിനുവേണ്ടി ആർത്തുവിളിക്കുകയായിരുന്ന ഒരു ലക്ഷത്തിലേറെ കാണികൾക്കുമുമ്പിൽ വെച്ച് സഞ്ജുവും സംഘവും വീറോടെ പൊരുതി.
പെട്ടന്ന് വിക്കറ്റുകൾ വീഴ്ത്തുക എന്ന പോംവഴി മാത്രമേ സഞ്ജുവിൻ്റെ മുമ്പിൽ ഉണ്ടായിരുന്നുള്ളൂ. അതിന് വേണ്ടതെല്ലാം അയാൾ ചെയ്തു. ഫീൽഡ് ക്രമീകരണവും ബോളിങ്ങ് മാറ്റങ്ങളും കൃത്യമായി നടത്തി. ഗുജറാത്ത് ശരിക്കും സമ്മർദ്ദത്തിലായി. സഞ്ജുവിൻ്റെ അറ്റാക്കിങ്ങ് ക്യാപ്റ്റൻസിയെ കമൻ്റേറ്ററായ സുനിൽ ഗാവസ്കർ പ്രശംസിക്കുന്ന അപൂർവ്വ കാഴ്ച്ചയും കണ്ടു.

പക്ഷേ മെയ് 29 ഗുജറാത്ത് ടീമിൻ്റെ ദിനമായിരുന്നു. പുറത്താകാതെ നിന്ന് ടീമിനെ വിജയിപ്പിച്ച ശുഭ്മാൻ ഗിൽ നാലുതവണയെങ്കിലും ഭാഗ്യംകൊണ്ട് രക്ഷപ്പെട്ടു. സഞ്ജു നിസ്സംഗനായി എല്ലാം കണ്ടുനിന്നു.
മഹാഭാരതത്തിൽ ഒരു രംഗമുണ്ട്. കുരുക്ഷേത്ര യുദ്ധത്തിൽ പാണ്ഡവരുടെ വിജയം ഏകദേശം ഉറപ്പായ സാഹചര്യത്തിൽ ദുര്യോധനൻ പ്രിയ സുഹൃത്തായ കർണ്ണനോട് സങ്കടങ്ങൾ പങ്കുവെയ്ക്കുന്നുണ്ട്. ആ ഘട്ടത്തിൽ കർണ്ണൻ നൽകുന്ന മറുപടി ഇതാണ്-
”നിനക്കുവേണ്ടി ഞാൻ ആത്മാർത്ഥമായി പൊരുതുന്നുണ്ട് സുഹൃത്തേ. മനുഷ്യർക്ക് പ്രയത്നിക്കാനല്ലേ സാധിക്കൂ. വിധി നമുക്കെതിരാണ്. പക്ഷേ വിധിയെ അവഗണിച്ച് നമുക്ക് പൊരുതാം…”
യുദ്ധം പാണ്ഡവർ ജയിച്ചു. സുഹൃത്തിനുവേണ്ടി പരമാവധി പരിശ്രമിച്ച കർണ്ണൻ യുദ്ധഭൂമിയിൽ മരിച്ചുവീണു. മനുഷ്യർ പലപ്പോഴും വിധിയുടെ മുമ്പിൽ നിസ്സഹായരാണ്. ഇതിഹാസത്തിലെ കർണ്ണനായാലും ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ജീവിക്കുന്ന സഞ്ജു ആയാലും അത് അങ്ങനെ തന്നെയാണ്.
പൊരുതി വീണുപോയ ഒരുവനാണ് സഞ്ജു. അയാൾ സാന്ത്വനമല്ലേ അർഹിക്കുന്നത്?
ഫൈനൽ വരെയുള്ള രാജസ്ഥാൻ്റെ മുന്നേറ്റത്തിൽ സഞ്ജുവിന് യാതൊരു പങ്കുമില്ല എന്ന് വരുത്തിത്തീർക്കാൻ ചിലർ ശ്രമിക്കുന്നുണ്ട്. സഞ്ജു ഇത്രയേറെ മാച്ചുകൾ ജയിച്ചത് മികച്ച ടീം കിട്ടിയത് കൊണ്ടുമാത്രമാണ് എന്നാണ് അവരുടെ വാദം!


സത്യത്തിൽ രാജസ്ഥാൻ അജയ്യരായ സംഘമൊന്നുമായിരുന്നില്ല. ബട്ലർ,സഞ്ജു,ഹെറ്റ്മയർ എന്നീ ബാറ്റർമാർ മാത്രമാണ് നിരന്തര സംഭാവനകൾ നൽകിയത്. പക്ഷേ ആ പോരായ്മ സഞ്ജു വിദഗ്ദമായി മറച്ചുപിടിച്ചു. അശ്വിനിൽനിന്ന് കിട്ടാവുന്നിടത്തോളം റൺസ് ശേഖരിച്ചെടുത്തത് സഞ്ജുവിൻ്റെ ബുദ്ധിവൈഭവത്തിൻ്റെ തെളിവാണ്.
രാജസ്ഥാൻ്റെ ബോളിങ് പേപ്പറിൽ അതിശക്തമായിരുന്നു. പക്ഷേ ആ കരുത്ത് മൈതാനത്തിൽ അതേപടി വിവർത്തനം ചെയ്യപ്പെട്ടിരുന്നില്ല. സീനിയർ ബോളറായ അശ്വിൻ പല ഘട്ടങ്ങളിലും നിരാശപ്പെടുത്തിയിരുന്നു.
രാജസ്ഥാൻ്റെ ടീം മികച്ചതാണ് എന്ന് ഒരു വാദത്തിനുവേണ്ടി സമ്മതിച്ചാലും സഞ്ജുവിൻ്റെ മഹത്വം കുറയുന്നില്ല. ക്രിക്കറ്റിൽ നായകൻ്റെ അഭിലാഷങ്ങൾക്കനുസരിച്ചാണ് ഒരു ടീം രൂപപ്പെടുന്നത്. ഈ കളിയിൽ കോച്ചും മെൻ്ററുമെല്ലാം സപ്പോർട്ട് സ്റ്റാഫിൻ്റെ ഭാഗം മാത്രമാണ്. രാജസ്ഥാൻ നല്ല ടീം പടുത്തുയർത്തിയെങ്കിൽ അതിൻ്റെ ക്രെഡിറ്റ് സഞ്ജുവിനുകൂടി അവകാശപ്പെട്ടതാണ്‌.
കളിക്കാരോടുള്ള ഇടപെടലിൻ്റെ കാര്യത്തിലാണ് സഞ്ജു ഏറ്റവും മികച്ചുനിന്നത്. ജെയിംസ് നീഷാമിനെ ഒരു കളിയിൽ ഒഴിവാക്കുമ്പോൾ സഞ്ജു പറഞ്ഞത് ”നീഷാം ഒരു ഓഫ്ഡേ എടുക്കുന്നു” എന്നാണ്. അത്തരമൊരു വാചകം മറ്റൊരു ക്യാപ്റ്റൻ പറഞ്ഞതായി ഞാൻ ഓർക്കുന്നില്ല.
ഒരു കളിയിൽ പകരക്കാരനായി ഫീൽഡിങ്ങിനിറങ്ങിയ നീഷാം അസാദ്ധ്യമായ ഒരു ക്യാച്ചിനുവേണ്ടി ഡെെവ് ചെയ്തതും ചോരയൊലിപ്പിച്ച് മൈതാനം വിട്ടതും മറക്കാനാവില്ല. രാജസ്ഥാനെ സ്വന്തം കുടുംബത്തെപ്പോലെ സ്നേഹിക്കുന്ന ഒരുപറ്റം കളിക്കാരെയാണ് സഞ്ജു വളർത്തിയെടുത്തത്!
രാജസ്ഥാൻ്റെ ഡ്രെസ്സിങ്ങ് റൂമിൽ സ്പിൻ ഇതിഹാസമായ ഷെയ്ൻ വോണിൻ്റെ ചിത്രമുണ്ട്. ഒരുപക്ഷേ ആ ചിത്രത്തിനുമുമ്പിൽ പോയിനിന്ന് സഞ്ജു വിലപിക്കുമായിരിക്കും-
”പ്രിയ വോണി,രാജസ്ഥാൻ്റെ പ്രഥമ നായകനായ നിങ്ങൾക്കുവേണ്ടി കിരീടം നേടാനാണ് ഞങ്ങൾ ശ്രമിച്ചത്. പക്ഷേ തോറ്റുപോയി. എന്നോട് ക്ഷമിക്കൂ…!”
വോൺ എവിടെയോ ഇരുന്ന് ആശ്വസിപ്പിക്കുന്നുണ്ടാവാം-
”വിഷമിക്കരുത് സഞ്ജൂ. 2003 ലോകകപ്പ് ഫൈനലിൽ എൻ്റെ പ്രിയ ചങ്ങാതി സച്ചിനും പരാജയപ്പെട്ടില്ലേ? എട്ടുവർഷങ്ങൾക്കുശേഷം സച്ചിൻ തൻ്റെ സ്വപ്നം സാക്ഷാത്കരിച്ചില്ലേ? നിനക്കിനിയും ഒരുപാട് സമയമുണ്ട്. കാത്തിരിക്കൂ. നിൻ്റെ ദിനം വന്നെത്തുക തന്നെ ചെയ്യും…!’

Written by-Sandeep Das