SHARE

ഇന്ത്യൻ സൂപ്പർ ലീഗിൽ തങ്ങളുടെ എല്ലാ മത്സരങ്ങളും നിറഞ്ഞ ഗ്യാലറിക്ക് മുന്നിൽ കളിക്കുന്ന ടീമാണ് കേരളാ ബ്ലാസ്റ്റേഴ്സ്. കളി കാണാൻ സ്റ്റേഡിയത്തിലെത്തുന്ന ആരാധകരുടെ അകമഴിഞ്ഞ പിന്തുണയാണ് ബ്ലാസ്റ്റേഴ്സ് ടീമിന്റെ ഏറ്റവും വലിയ കരുത്തും. എന്നാൽ ഇന്ന് എഫ് സി ഗോവയ്ക്കെതിരെ നടക്കുന്ന ഹോം മത്സരം നിറയാത്ത ഗ്യാലറിക്ക് മുന്നിൽ കളിക്കേണ്ട അവസ്ഥ ബ്ലാസ്റ്റേഴ്സിന് സമ്മാനിക്കുമെന്നാണ് സൂചനകൾ.

സാധാരണ ഗതിയിൽ മത്സരത്തിന് അര മണിക്കൂർ മുന്നേ നിറഞ്ഞ് കവിയാറുള്ള ഗ്യാലറിയിലെ പകുതിയിൽ കൂടുതൽ ഭാഗവും മത്സരത്തോടടുക്കുമ്പോളും ഒഴിഞ്ഞ് കിടക്കുകയാണ്. മഞ്ഞപ്പടയുടെ തട്ടകമായ ഈസ്റ്റ് ബ്ലോക്ക് മാത്രമാണ് ഇപ്പോൾ നിറഞ്ഞിരിക്കുന്നത്. ബാക്കിയുള്ള ഭൂരിഭാഗം സ്ഥലങ്ങളും ആളനക്കമില്ലാതെ കിടക്കുന്നു. ഇങ്ങനെയൊരവസ്ഥ ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങളിൽ അപൂർവ്വ കാഴ്ചയാണ്.

ടീം കഴിഞ്ഞ മത്സരത്തിൽ പരാജയപ്പെട്ടതാണ് കാണികളുടെ എണ്ണം കുറയാൻ കാരണമായതെന്നാണ് സൂചനകൾ. ഒഴിഞ്ഞ് തുടങ്ങിയ ഗ്യാലറി പഴയത് പോലെ നിറഞ്ഞ് കവിയണമെങ്കിൽ ഗോവയ്ക്കെതിരെ തകർപ്പൻ വിജയം നേടണമെന്ന് മറ്റാരേക്കാളും നന്നായി ബ്ലാസ്റ്റേഴ്സ് താരങ്ങൾക്ക് അറിയാം. അത് കൊണ്ടു തന്നെ ഇന്ന് തങ്ങളുടെ നിർണായക മത്സരത്തിനിറങ്ങുമ്പോൾ വിജയത്തേക്കാൾ കുറഞ്ഞ മറ്റൊന്നും അവർ ലക്ഷ്യം വെക്കില്ല എന്നത് ഉറപ്പ്.