SHARE

വ്യാഴാഴ്ച എന്ന പതിവ് ദിവസം വിട്ടെങ്കിലും നട്ടപ്പാതിരയ്ക്ക് നടത്തിയ മറ്റൊരു സൂപ്പർ പ്രഖ്യാപനത്തിലൂടെ ഒരിക്കൽ കൂടി കേരളാ ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ ഫുട്ബോളിനെ ഞെട്ടിച്ചിരിക്കുകയാണ്. കഴിഞ്ഞ സീസണിൽ ചെന്നൈയിൻ എഫ്.സിക്കായി ഉജ്ജ്വല പ്രകടനം നടത്തിയ പ്രതിരോധതാരം എനസ് സിപോവിച്ചിനെയാണ് ബ്ലാസ്റ്റേഴ്സ് റാഞ്ചിയത്.

ബോസ്നിയന് ‍ സെന്റർ ബാക്കായ എനെസ് ഇക്കുറി ചെന്നൈയിനിൽ തുടരില്ലെന്ന് ഏതാണ്ടുറപ്പായിരുന്നു. എന്നാൽ ബ്ലാസ്റ്റേഴ്സ് എനെസിന്റെ നോട്ടമിട്ടിരുന്നതിന്റെ ഒരു സൂചനയും പുറത്തുവന്നിരുന്നില്ല. അതുകൊണ്ട് തന്നെ അക്ഷരാർഥത്തിൽ സർപ്രൈസ് തന്നെയായിരുന്നു ഈ സൈനിങ്.

ബോസ്നിയക്ക് പുറമെ റുമാനിയ, ബെൽജിയം, മൊറോക്കോ തുടങ്ങിയ രാജ്യങ്ങളിൽ കളിച്ച പരിചയസമ്പത്തുമായാണ് എനെസ് കഴിഞ്ഞ സീസണിൽ ഇന്ത്യയിലെത്തിയത്. ബ്രസീലിയൻ താരം എലി സാബിയക്കൊപ്പം ചെന്നൈയിന്റെ പ്രതിരോധനിരയിൽ ഉജ്ജ്വലപ്രകടനമാണ് എനെസ് നടത്തിയത്.

കഴിഞ്ഞ സീസണിൽ കേരളാ ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധജോഡികളായിരുന്ന ബെക്കാരി കോനെയേയും കോസ്റ്റ നമോയ്നേസുവിനേയും കണക്കുകളിൽ എനെസ് പിന്തള്ളുന്നു. പ്രത്യേകിച്ച് പ്രതിരോധചുമതലകളിൽ. എനെസും കോസ്റ്റയും കഴിഞ്ഞ സീസണിൽ ഏതാണ്ട് ഒരേ സമയമാണ് കളിക്കളത്തിൽ ചിലവിട്ടത്. എന്നാൽ ​ഗോൾ, പാസിങ്, പാസിങ് കൃത്യത എന്നീ കാര്യങ്ങളിലാണ് കോസ്റ്റ മുന്നിൽ നിൽക്കുന്നത്. ടാക്ലിങ്, ബ്ലോക്ക്, ക്ലിയറൻസ് എന്നീ പ്രതിരോധദൗത്യങ്ങളിൽ കോസ്റ്റയേക്കാൾ കണക്കുകളിൽ ഏറെ മുന്നിലാണ് എനെസ്. ആറടി ആറിഞ്ച് ഉയരക്കാരനാണ് എനെസ്. അതിനാൽ തന്നെ ഏരിയൽ ഡ്യുവലുകളിൽ അസാധ്യ മികവ് പുലർത്താൻ എനെസിന് സാധിക്കുമെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.

കളിക്കളത്തിലെ കണക്കുകൾക്കൊപ്പം തന്നെ എനെസിന്റെ പ്രായവും ഐ.എസ്.എൽ പരിചയസമ്പത്തും തന്നെയാണ് ബ്ലാസ്റ്റേഴ്സിന് ഏറ്റവുമധികം ​ഗുണം ചെയ്യുക. 30 വയസ് മാത്രമാണ് എനെസിന്റെ പ്രായം. ഐ.എസ്.എല്ലിനെ സംബന്ധിച്ചിടത്തോളം ഇത് ചെറുപ്പമാണ്. ഇതിനൊപ്പം ഒരു സീസൺ കളിച്ചതിനാൽ ഐ.എസ്.എല്ലുമായി ഇഴുകിച്ചേരാൻ എനെസിന് സാധിച്ചിട്ടുണ്ട്. ഇതോടെ ബ്ലാസ്റ്റേഴ്സിലേക്കെത്തുമ്പോൾ ഒരു പുതിയ ടീം എന്ന വ്യത്യാസം മാത്രമെ എനെസിന് തോന്നൻ സാധ്യതയുള്ളു. മുൻകാല ബ്ലാസ്റ്റേഴ്സ് താരങ്ങളെ വലച്ചതുപോലെ പരിചിതമല്ലാത്ത ലീ​ഗ് എന്ന തടസം മുന്നിലില്ലെന്ന് ചുരുക്കം