SHARE

ഇന്ത്യൻ സൂപ്പർ ലീ​ഗ് എട്ടാം സീസണിലേക്കായി കേരളാ ബ്ലാസ്റ്റേഴ്സ് ആ​ദ്യം നടത്തിയ വിദേശസൈനിങ്ങുകളിലൊന്നാണ് എനെസ് സിപോവിച്ചിന്റേത്. ബോസ്നിയൻ താരമായ എനെസ് സെന്റർ ബാക്കാണ്. കഴിഞ്ഞ ഐഎസ്എല്ലിൽ ചെന്നൈയിൻ എഫ്സിക്കായി കളിച്ചശേഷമാണ് എനെസ് ഇക്കുറി ബ്ലാസ്റ്റേഴ്സിന്റെ ഭാ​ഗമാകുന്നത്.

ഇക്കുറി നേരത്തെ കൊച്ചിയിലെത്തിയ എനെസ് ബ്ലാസ്റ്റേഴ്സിനൊപ്പം ആദ്യ ഘട്ട പ്രീ സീസൺ പരിശീലനത്തിന്റെ ഭാ​ഗമായിരുന്നു. തുടർന്ന് രണ്ട് സൗഹൃദമത്സരങ്ങളിൽ കളിച്ച എനെസ് ഇപ്പോൾ ഡ്യൂറാൻഡ് കപ്പിൽ ബ്ലാസ്റ്റേഴ്സ് ടീമിലെ നിർണായക സാന്നിധ്യമാണ്. ഇന്നലെ പരിശീലകൻ ഇവാൻ വുകോമനോവിച്ചിനൊപ്പം പത്രസമ്മേളനത്തിൽ പങ്കെടുത്ത എനെസ്, ഇന്ത്യക്ക് പുറത്തുനിന്നും തനിക്ക് ഓഫറുകളുണ്ടായിരുന്നെന്ന് വെളിപ്പെടുത്തി.

ഇസ്രായേൽ, ഒമാൻ തുടങ്ങിയ രാജ്യങ്ങളിലെ ക്ലബുകളിൽ നിന്ന് എനിക്ക് ചില ഓഫറുകളുണ്ടായിരുന്നു, അതിനുശേഷമാണ് ബ്ലാസ്റ്റേഴ്സിന്റെ ഓഫർ ലഭിക്കുന്നത്, ഐഎസ്എല്ലിൽ ഞാൻ കഴിഞ്ഞ സീസണിൽ കളിച്ചതാണ്, ഈ ലീ​ഗിനെക്കുറിച്ച് എനിക്കറിയാം, കഴിഞ്ഞ സീസണിൽ ഇവിടെ നല്ല പ്രകടനം കാഴ്ചവയ്ക്കാൻ എനിക്കായി, ഒപ്പം തന്നെ ബയോബബിളിൽ കളിച്ചും പരിചയമുണ്ട്, അങ്ങനെയാണ് കേരളാ ബ്ലാസ്റ്റേഴ്സ് തിരിഞ്ഞെടുത്തത്, എനെസ് പറഞ്ഞു.

കേരളാ ബ്ലാസ്റ്റേഴ്സിന്റെ ആരാധവൃന്ദത്തെക്കുറിച്ചും തനിക്ക് അറിയാമെന്നും എനെസ് പറഞ്ഞു. കൊച്ചിയിലെ പ്രീ സീസണിനിടയ്ക്ക് ബ്ലാസ്റ്റേഴ്സിന്റെ കുറേ ആരാധകരെ കാണാൻ സാധിച്ചു, സൗഹൃദമത്സരങ്ങൾക്കിടയിലും ഹോട്ടലിൽ നിന്ന് പരിശീലന​ഗ്രൗണ്ടിലേക്കുള്ള യാത്രയ്ക്കിടയിലും ഈ ആരാധകരുടെ പിന്തുണ കുറച്ചൊക്കെ അടുത്തറിയാൻ സാധിച്ചു, എനെസ് വ്യക്തമാക്കി.