ഐസിസി അണ്ടര്‍ 19 ലോകകപ്പില്‍ ശക്തര്‍ക്ക് അനായാസ ജയം. ഇംഗ്ലണ്ട് നമീബിയയെ കീഴടക്കിയപ്പോള്‍ കാനഡയാണ് ബംഗ്ലാദേശിന്റെ മുന്നില്‍ തോല്‍വി സമ്മാനിച്ചത്. ഇരുടീമുകളുടെയും ജയം ഏകപക്ഷീയമായിരുന്നു. ആദ്യ ദിനത്തില്‍ പാക്കിസ്ഥാനെ അഫ്ഗാനിസ്ഥാന് അട്ടിമറിച്ചിരുന്നു. നമീബിയയ്ക്കെതിരേ എട്ട് വിക്കറ്റിന്റെ ആധികാരിക ജയമാണ് ഇംഗ്ലണ്ട് നേടിയത്.
ഗ്രൂപ്പ് സിയില്‍ ആദ്യം ബാറ്റ് ചെയ്ത നമീബിയ 50 ഓവറില്‍ ഒന്‍പത് വിക്കറ്റിന് 196 റണ്‍സ് നേടി. ഇംഗ്ലണ്ട് 24.1 ഓവറില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലത്തി. വില്‍ ജാക്സ് (പുറത്താകാതെ 73), ക്യാപ്റ്റന്‍ ഹാരി ബ്രൂക്ക് (പുറത്താകാതെ 59) എന്നിവരുടെ അര്‍ധ സെഞ്ചുറികളാണ് ഇംഗ്ലീഷ് വിജയത്തില്‍ നിര്‍ണായകമായത്. ബൗളിംഗിലും തിളങ്ങിയ ജാക്സ് മൂന്ന് വിക്കറ്റും നേടി. ജാക്സാണ് മാന്‍ ഓഫ് ദ മാച്ച്.
ഈ ഗ്രൂപ്പിലെ തന്നെ മറ്റൊരു മത്സരത്തിലാണ് ബംഗ്ലാദേശ് കാനഡയെ വീഴ്ത്തിയത്. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 50 ഓവറില്‍ എട്ട് വിക്കറ്റിന് 264 റണ്‍സ് നേടി. 122 റണ്‍സ് നേടിയ തൗഹിഡ് ഹൃഡോയിയാണ് ബംഗ്ലാദേശിന് മികച്ച സ്കോര്‍ സമ്മാനിച്ചത്. ആഫിഫ് ഹൊസൈന്‍ 50 റണ്‍സ് നേടി. കാനഡയ്ക്ക് വേണ്ടി ഫൈസന്‍ ജാംഖാന്ഡി അഞ്ച് വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിംഗില്‍ കാനഡയുടെ ഇന്നിംഗ്സ് 49.3 ഓവറില്‍ 198 റണ്‍സില്‍ അവസാനിച്ചു. 63 റണ്‍സ് നേടിയ അര്സ്ലന് ഖാന് മാത്രമാണ് കാനഡയുടെ ഇന്നിംഗ്സില്‍ പൊരുതിയത്. അഞ്ച് വിക്കറ്റ് നേടിയ ആഫിഫ് ബൗളിംഗിലും തിളങ്ങി.