SHARE

ഇംഗ്ലണ്ടും പാകിസ്ഥാനും തമ്മിലുള്ള രണ്ട് മത്സര ടെസ്റ്റ് പരമ്പരയിലെ രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റ്, നാളെ ഇംഗ്ലണ്ടിലെ ലീഡ്സിൽ ആരംഭിക്കും. ആദ്യ മത്സരത്തിൽ പരാജയപ്പെട്ടതിനാൽ ഇംഗ്ലണ്ട് ടീമിന് ഈ മത്സരം ജയിച്ചേ തീരൂ. ഏത് വിധേനയും മത്സരം ജയിക്കാനുറച്ച് എത്തുന്ന ഇംഗ്ലണ്ട് ടീമിലെ കീറ്റൻ ജെന്നിംഗ്സിനും ഈ മത്സരത്തിൽ ജയിക്കേണ്ടത് അത്യാവശ്യമാണ്.

ആദ്യ ടെസ്റ്റിൽ ഇംഗ്ലണ്ട് ടീമിനൊപ്പമില്ലാതിരുന്ന ജെന്നിംഗ്സിനെ രണ്ടാം ടെസ്റ്റിന് മുന്നോടിയാണ് സെലക്ടർമാർ ടീമിലേക്ക് തിരഞ്ഞെടുത്തത്. എന്നാൽ ടീമിൽ ചേരുന്നതിന് വേണ്ടി തന്റെ ഡിഗ്രി കോഴ്സിലെ അക്കൗണ്ടിംഗ് പരീക്ഷയാണ് താരത്തിന് ഒഴിവാക്കേണ്ടി വന്നത്. ടെസ്റ്റ് മത്സരവും, അക്കൗണ്ടിംഗ് പരീക്ഷയും രണ്ടും ഒരുമിച്ച് സാധ്യമാകില്ലെന്ന അവസ്ഥ വന്നപ്പോൾ തൽക്കാലം പരീക്ഷ ഒഴിവാക്കി ഇംഗ്ലണ്ട് ടീമിനൊപ്പം ചേരാനാണ് ജെന്നിംഗ്സ് തീരുമാനമെടുത്തത്. തന്റെ പ്രധാനപ്പെട്ടൊരു പരീക്ഷ വേണ്ടെന്ന് വെച്ച് പാകിസ്ഥാനെതിരെയുള്ള ക്രിക്കറ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ജെന്നിംഗ്സ് രണ്ടാം ടെസ്റ്റിൽ പാകിസ്ഥാനെതിരെ മികച്ച പ്രകടനം കാഴ്ച വെച്ച് ടീമിന് വിജയം സമ്മാനിക്കാനാണ് ലക്ഷ്യമിടുന്നത്.

2016 ൽ ഇന്ത്യയ്ക്കെതിരെ കളിച്ച് കൊണ്ട് ടെസ്റ്റ് അരങ്ങേറ്റം കുറിച്ചെങ്കിലും, ദേശീയ ടീമിലെ സ്ഥിരസാന്നിധ്യമാകാൻ ജെന്നിംഗ്സിന് ഇത് വരെ കഴിഞ്ഞിട്ടില്ല. 6 ടെസ്റ്റ് മത്സരങ്ങളിൽ ഇത് വരെ ഇംഗ്ലണ്ടിന് വേണ്ടി കളത്തിലിറങ്ങിയ ഈ ഇടംകൈയ്യൻ ബാറ്റ്സ്മാൻ, 24.50 ബാറ്റിംഗ് ശരാശരിയിൽ 294 റൺസാണ് നേടിയിട്ടുള്ളത്.