SHARE

ക്രിക്കറ്റ് ലോകത്തെ മുഴുവൻ ഞെട്ടിച്ച ബാറ്റിംഗ് വെടിക്കെട്ടുമായി ഇംഗ്ലണ്ട് താരം വിൽ ജാക്ക്സ്. കഴിഞ്ഞ ദിവസം ദുബായിൽ നടന്ന പ്രീസീസൺ ടി10 മത്സരത്തിൽ സറേയ്ക്ക് വേണ്ടി കളിച്ച ജാക്ക്സ്, ലങ്കാഷെയറിനെതിരായ മത്സരത്തിലാണ് ഒരോവറിലെ 6 പന്തുകളും സിക്സറിന് പറത്തിയത്. ഈ മത്സരത്തിൽ 25 പന്തിൽ 100 റൺസും താരം തികച്ചു. മത്സരത്തിൽ മൊത്തം 30 പന്തിൽ 105 റൺസ് നേടിയ ജാക്ക്സിന്റെ ബാറ്റിംഗ് മികവിൽ 10 ഓവറിൽ 176/3 എന്ന പടുകൂറ്റൻ ടോട്ടലാണ്‌ സറേ നേടിയത്.

മുൻ ഇംഗ്ലണ്ട് അണ്ടർ 19 ടീമംഗമായ വിൽ ജാക്ക്സ്, ലങ്കാഷെയറിനെതിരായ മത്സരത്തിൽ സറേയുടെ ഓപ്പണറായാണ് ക്രീസിലെത്തിയത്‌. നേരിട്ട ആദ്യ പന്ത് മുതൽ ആക്രമണം തുടങ്ങിയ വിൽ ജാക്ക്സ്, മത്സരത്തിന്റെ അഞ്ചാം ഓവറിലാണ് 6 സിക്സറുകൾ പറത്തിയത്‌. ലങ്കാഷെയർ താരം സ്റ്റീഫൻ പാറിയ്ക്കെതിരെയായിരുന്നു ജാക്ക്സിന്റെ ബാറ്റിംഗ് വെടിക്കെട്ട്. പാറി എറിഞ്ഞ അഞ്ചാം ഓവറിലെ 6 പന്തുകളും വിൽ ജാക്ക്സ് സ്ട്രൈറ്റ് സിക്സറിന് പറത്തുകയായിരുന്നു.

62 ൽ നിന്ന് 98 ലേക്കെത്താൻ 6 പന്തുകൾ മാത്രമായിരുന്നു താരത്തിന് വേണ്ടി വന്നത്. ജാക്ക്സിന്റെ മികവിൽ 176/3 എന്ന കൂറ്റൻ സ്കോർ നേടിയ സറേ, എതിരാളികളെ 81 റൺസിൽ പുറത്താക്കി 95 റൺസിന്റെ ഗംഭീര ജയവും മത്സരത്തിൽ സ്വന്തമാക്കി.