SHARE

ഓസ്‌ട്രേലിയയെ കളിയുടെ ഒരുഘട്ടത്തില്‍ പോലും മേധാവിത്വം പുലര്‍ത്താന്‍ അനുവദിക്കാതെ ഇംഗ്ലണ്ട് ഐസിസി ലോകകപ്പിന്റെ ഫൈനലില്‍ കടന്നു. എട്ടുവിക്കറ്റ് ജയം നേടിയെത്തുന്ന ഇംഗ്ലീഷ് പടയ്ക്ക് ന്യൂസിലന്‍ഡാണ് എതിരാളികള്‍. ലോര്‍ഡ്‌സില്‍ നടക്കുന്ന ഫൈനലില്‍ ആരു കിരീടം ചൂടിയാലും കന്നിലോകകിരീടം ആകുമത്.

ഓസീസ് ഉയര്‍ത്തിയ 224 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ട് അനായാസമാണ് വിജയമാണ് സ്വന്തമാക്കിയത്. ഓപ്പണര്‍മാരായ ജേസണ്‍ റോയിയും ജോണി ബെയര്‍‌സ്റ്റോയും പാറ പോലെ ഉറച്ച് നിന്നപ്പോള്‍ 124 റണ്‍സ് സഖ്യം ആദ്യ വിക്കറ്റില്‍ തന്നെ ഇംഗ്ലണ്ട് സ്വന്തമാക്കി. പിന്നീട് ഇരുവരും പുറത്തായതോടെ ഒത്തുചേര്‍ന്ന ജോ റൂട്ടും ഓയിന്‍ മോര്‍ഗനും കൂടുതല്‍ നഷ്ടങ്ങളൊന്നും കൂടാതെ ഇംഗ്ലീഷ് കപ്പലിനെ വിജയതീരം അടുപ്പിച്ചു.

മറുപടി ബാറ്റിംഗില്‍ ഒരറ്റത്ത് നിലയുറപ്പിച്ച ജേസണ്‍ റോയി അടിച്ച് തകര്‍ത്തതോടെ മറുവശത്ത് വിക്കറ്റ് സൂക്ഷിക്കുകയായിരുന്നു ബെയര്‍‌സ്റ്റോ. എന്നാല്‍, ആക്രമണത്തിന് വീണ്ടും നിയോഗിക്കപ്പെട്ട മിച്ചല്‍ സ്റ്റാര്‍ക്ക് തിരിച്ചെത്തിയതോടെ ബെയര്‍‌സ്റ്റോ വീണു. 43 പന്തില്‍ 34 റണ്‍സാണ് ബെയര്‍‌സ്റ്റോ നേടിയത്. ഓസീസ് നിരയില്‍ സ്റ്റീവ് സ്മിത്താണ് ടോപ്‌സ്‌കോറര്‍.