SHARE

ഓസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിന മത്സരത്തിൽ ഇംഗ്ലണ്ടിന് 24 റൺസിന്റെ ഉജ്ജ്വല വിജയം. സതാംപ്ടണിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 232 റൺസിന്റെ വിജയ‌ ലക്ഷ്യം ഓസ്ട്രേലിയയ്ക്ക് മുന്നിൽ വെച്ച് നീട്ടിയപ്പോൾ, 207 റൺസിൽ അവരുടെ പോരാട്ടം അവസാനിക്കുകയായിരുന്നു. പരാജയം മുന്നിൽക്കണ്ട മത്സരത്തിൽ ബോളിംഗ് നിരയുടെ ഉജ്ജ്വല പ്രകടനമാണ് ഇംഗ്ലണ്ടിന് വിജയം സമ്മാനിച്ചത്. സ്കോർ : ഇംഗ്ലണ്ട് – 232/9 (50 ഓവർ), ഓസ്ട്രേലിയ – 207/10 (48.4 ഓവർ).

മത്സരത്തിൽ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. സ്കോർ ബോർഡിൽ 29 റൺസെത്തിയപ്പോൾ ഓപ്പണർമാർ രണ്ട് പേരുടേയും വിക്കറ്റുകൾ ഇംഗ്ലണ്ടിന് നഷ്ടമായി. പിന്നീട് തുടർച്ചയായ ഇടവേളകളിൽ വിക്കറ്റുകൾ നഷ്ടമായിക്കൊണ്ടിരുന്ന അവർക്ക് ഇതോടെ വലിയ സ്കോറെന്ന ലക്ഷ്യം അകലെയായി. 42 റൺസെടുത്ത് ക്യാപ്റ്റൻ ഓയിൻ മോർഗൻ ഇംഗ്ലണ്ടിന്റെ ടോപ്‌സ്കോററായപ്പോൾ, 39 റൺസ് നേടിയ ജോ റൂട്ട്, 37 റൺസോടെ ടോം കറൻ, 35 റൺസുമായി ആദിൽ റഷീദ് എന്നിവരും ഇംഗ്ലണ്ടിനായി ഭേദപ്പെട്ട ബാറ്റിംഗ് പുറത്തെടുത്തു.

കഴിഞ്ഞ മത്സരത്തിൽ ഓസ്ട്രേലിയക്കായി തകർപ്പൻ ബോളിംഗ് പുറത്തെടുത്ത വലം കൈയ്യൻ സ്പിന്നർ ആദം സാമ്പയാണ് ഇന്നും അവർക്ക് വേണ്ടി തിളങ്ങിയത്. 36 റൺസ് വഴങ്ങി സാമ്പ 3 വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ, മിച്ചൽ സ്റ്റാർക്ക് രണ്ട് വിക്കറ്റുകൾ നേടി.

വിജയ ലക്ഷ്യം പിന്തുടർന്ന ഓസ്ട്രേലിയക്ക് സ്കോർ ബോർഡിൽ 37 റൺസെത്തിയപ്പോൾ ഓപ്പണർ ഡേവിഡ് വാർണറുടേയും, മാർക്കസ് സ്റ്റോയിനിസിന്റേയും വിക്കറ്റ് നഷ്ടമായി. എന്നാൽ മൂന്നാം വിക്കറ്റിൽ ഫിഞ്ചും, ലബുഷാനെയും ഒത്തുചേർന്നതോടെ ടീം കുതിച്ചു. 107 റൺസിന്റെ കൂട്ടുകെട്ട് ഇരുവരും നേടിയതിന് ശേഷം 48 റൺസെടുത്ത ലബുഷാനെ പുറത്തായി‌. പിന്നീട് തുടർച്ചയായി 3 വിക്കറ്റുകൾ കൂടി നഷ്ടമായ അവർ 147/6 എന്ന സ്കോറിലേക്ക് തകർന്നു വീണു.

73 റൺസോടെ തകർപ്പൻ ഫോമിൽ ബാറ്റ് ചെയ്യുകയായിരുന്നു നായകൻ ആരോൺ ഫിഞ്ചിന്റെ വിക്കറ്റ് വീണതായിരുന്നു ടീമിന് ഏറ്റവും വലിയ തിരിച്ചടിയായത്. ഈ തകർച്ചയിൽ നിന്ന് കരകയറാൻ കഴിയാതെ‌ വന്ന ഓസീസ് 24 റൺസിന്റെ പരാജയം മത്സരത്തിൽ ഏറ്റു വാങ്ങുകയായിരുന്നു. മൂന്ന് വീതം വിക്കറ്റുകൾ വീഴ്ത്തിയ ക്രിസ് വോക്സ്, ജോഫ്ര ആർച്ചർ, സാം കറൻ എന്നിവരാണ് ഇംഗ്ലണ്ട് നിരയിൽ തകർപ്പൻ ബോളിംഗ് പ്രകടനം കാഴ്ച വെച്ചത്.