SHARE

മൊണ്ടഗ്രനോയ്‌ക്കെതിരായ യൂറോകപ്പ് യോഗ്യതാ മത്സരം ടീം ഇംഗ്ലണ്ടിന് വെറുമൊരു മത്സരം മാത്രമായിരുന്നില്ല. തങ്ങളുടെ ആയിരാമത്തെ മത്സരം, സ്‌റ്റെര്‍ലിംഗിന്റെ പുറത്താക്കലുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കത്തി നിന്ന മത്സരം. സമനില നേടി ഒരു പോയിന്റ് ലഭിച്ചാലും യോഗ്യതാ റൗണ്ടില്‍ അതൊരു ഭീഷണിയല്ലായിരുന്നു.

എന്നാല്‍ ഗോള്‍മഴയിലാറാടിയാണ് ഇംഗ്ലണ്ട് ടീം ചരിത്രമുറങ്ങുന്ന വെബ്ലി സ്‌റ്റേഡിയത്തില്‍ പുതു ചരിത്രം രചിച്ച് ആയാരാമത്തെ മത്സരം അവിസ്മരണിയമാക്കിയത്. മടക്കമില്ലാത്ത ഏഴുഗോളുകള്‍കൊണ്ട് എതിരാളികളുടെ വല നിറച്ചാണ് സൗത്ത്‌ഗേറ്റിന്റെ കുട്ടികള്‍ കളി അവസാനിപ്പിച്ചത്.

ഹാരികെയ്ന്‍ എന്ന വിലപിടിപ്പുള്ള നായകന്റെ ഹാട്രിക് പ്രകടനവും വെബ്ലി സ്റ്റേഡിയത്തില്‍ ആര്‍ത്തിരമ്പിയ ഗ്യാലറിയുടെ ആവേശം വാനോളമെത്തിച്ചു. ആദ്യ പകുതിയില്‍ തന്നെ ഹാട്രിക് നോടാന്‍ ഹാരിക്കായി.18-ാം മിനിറ്റിലും 24-ാം മിനിറ്റിലും 37-ാം മിനിറ്റിലുമായിരുന്നു ഹാരി എതിര്‍വല കുലുക്കിയത്.

11-ാം മിനിറ്റില്‍ അലക്‌സ് ഒക്‌സ്ലെയ്ഡും 30-ാം മിനിറ്റില്‍ റാഷ്‌ഫോര്‍ഡും 84-ാം മിനിറ്റില്‍ ടമ്മി എബ്രാഹവും ഗോള്‍ നേടി. 66-ാം മിനിറ്റില്‍ മൊണ്ടനഗ്രോയുടെ ഭാഗത്തു നിന്നും അലക്‌സാണ്ടര്‍ സൊഫ്രാനാക്കിന്റെ സെല്‍ഫ് ഗോളും കൂടിയായതോടെ ഇംഗ്ലീഷ് വിജയം മറുപടിയില്ലാത്ത ഏഴു ഗോളുകള്‍ക്ക്.