SHARE

ന്യൂസിലൻഡിനെതിരെ നടക്കാനിരിക്കുന്ന ടി20 പരമ്പരയ്ക്ക് മുന്നോടിയായി ഇന്നലെ ന്യൂസിലൻഡ് ഇലവനെതിരെ നടന്ന പരിശീലന മത്സരത്തിൽ ഇംഗ്ലണ്ടിന് ഉജ്ജ്വല ജയം. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് ഇലവൻ നിശ്ചിത 20 ഓവറിൽ 172/4 എന്ന മികച്ച സ്കോർ നേടിയപ്പോൾ, 11 പന്തുകൾ ബാക്കി നിൽക്കേ 4 വിക്കറ്റുകൾ മാത്രം നഷ്ടപ്പെടുത്തി ഇംഗ്ലണ്ട് വിജയത്തിലേക്കെത്തുകയായിരുന്നു. 78 റൺസെടുത്ത ഓപ്പണർ ജോണി ബെയർസ്റ്റോയുടെ ബാറ്റിംഗ് വെടിക്കെട്ടാണ് ടീമിന് 6 വിക്കറ്റ് ജയം സമ്മാനിച്ചത്.

മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ന്യൂസിലൻഡ് ഇലവന് 62 റൺസെടുത്ത ആന്റൺ ഡെവ്സിച്ചിന്റേയും, 50 റൺസ് നേടിയ അനരു കിച്ചണിന്റേയും ബാറ്റിംഗാണ് മികച്ച സ്കോർ നേടാൻ കരുത്തായത്. വിജയ‌ലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിന് വേണ്ടി തുടക്കം മുതൽ ബെയർസ്റ്റോ ആഞ്ഞടിച്ചു. ഓപ്പണിംഗിറങ്ങിയ താരം 45 പന്തിൽ 6 ബൗണ്ടറികളും 4 സിക്സറുകളടക്കം 78 റൺസ് നേടി പുറത്താകാതെ നിന്നു. വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ സാം ബില്ലിംഗ്സ് 28 റൺസ് നേടി. ഓൾ റൗണ്ടർ സാം കറനും ടീമിനായി വെടിക്കെട്ട് ബാറ്റിംഗ് പുറത്തെടുത്തു. 15 പന്തുകളിൽ ഒരു ബൗണ്ടറിയും, രണ്ട് സിക്സറുകളുമടക്കം 28 റൺസ് നേടിയ കറൻ മത്സരത്തിൽ പുറത്താകാതെ നിന്നു.