SHARE

പാകിസ്ഥാനെതിരായ നാലാം ഏകദിന മത്സരത്തിൽ ഇംഗ്ലണ്ടിന് 3 വിക്കറ്റിന്റെ തകർപ്പൻ ജയം. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ നിശ്ചിത 50 ഓവറിൽ 340/7 എന്ന കൂറ്റൻ ടോട്ടൽ പടുത്തുയർത്തിയെങ്കിലും, അവസാന ഓവറിൽ മൂന്ന് വിക്കറ്റുകൾ കൈയ്യിലിരിക്കേ ഇംഗ്ലണ്ട് വിജയം നേടുകയായിരുന്നു. 89 പന്തിൽ 114 റൺസെടുത്ത ഓപ്പണർ ജേസൺ റോയുടെ പ്രകടനമാണ് ഇംഗ്ലണ്ടിനെ വിജയത്തിലേക്ക് നയിച്ചത്. ഇത് തുടർച്ചയായ മൂന്നാം മത്സരത്തിലാണ് കൂറ്റൻ സ്കോർ നേടിയിട്ടും പാകിസ്ഥാൻ പരാജയപ്പെടുന്നത്.

മത്സരത്തിൽ ടോസ് നേടിയ ഇംഗ്ലണ്ട്, പാകിസ്ഥാനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. 115 റൺസ് നേടിയ ബാബർ അസം, 57 റൺസെടുത്ത ഫഖർ സമൻ, 59 റൺസെടുത്ത മൊഹമ്മദ് ഹഫീസ്, 41 റൺസെടുത്ത ഷോയിബ് മാലിക്ക് എന്നിവർ ബാറ്റിംഗിൽ തിളങ്ങിയപ്പോൾ പാകിസ്ഥാൻ നിശ്ചിത 50 ഓവറിൽ നേടിയത് 340/7 എന്ന പടുകൂറ്റൻ സ്കോർ.

തകർപ്പൻ തുടക്കമായിരുന്നു‌ സ്കോർ പിന്തുടർന്ന ഇംഗ്ലണ്ടിനും ലഭിച്ചത്. ജേസൺ റോയും, ജെയിംസ് വിൻസും തമ്മിലുള്ള ഓപ്പണിംഗ് വിക്കറ്റ് കൂട്ടുകെട്ടിൽ പിറന്നത് 94 റൺസ്. ജേസൺ റോയ് 89 പന്തിൽ 114 റൺസ് നേടിയപ്പോൾ, വിൻസ് 43 റൺസടിച്ചു. അവസാന ഓവറുകളിൽ മത്സരം മുറുകിയപ്പോൾ ബെൻ സ്റ്റോക്ക്സിന്റെ ബാറ്റിംഗാണ് ആതിഥേയർക്ക് കരുത്തായത്. 64 പന്തിൽ 71 റൺസെടുത്ത സ്റ്റോക്ക്സ് പുറത്താകാതെ നിന്ന് ടീമിനെ വിജയത്തിലെത്തിക്കുകയായിരുന്നു.