SHARE

പാകിസ്ഥാനെതിരായ മൂന്നാം ടി20 യിൽ മൂന്ന് വിക്കറ്റിന് വിജയിച്ച ഇംഗ്ലണ്ടിന് മൂന്ന് മത്സര ടി20 പരമ്പരയും സ്വന്തം. മാഞ്ചസ്റ്ററിൽ നടന്ന പോരാട്ടത്തിൽ ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ നിശ്ചിത 20 ഓവറിൽ 154/6 എന്ന ഭേദപ്പെട്ട സ്കോർ നേടിയപ്പോൾ, ജേസൺ റോയുടെ വെടിക്കെട്ട് ബാറ്റിംഗിന്റെ മികവിൽ തിരിച്ചടിച്ച ഇംഗ്ലണ്ട് രണ്ട് പന്തുകൾ ബാക്കി നിൽക്കെ വിജയലക്ഷ്യം മറികടക്കുകയായിരുന്നു. ഈ വിജയത്തോടെ മൂന്ന് മത്സര ടി20 പരമ്പര ഇംഗ്ലണ്ടിന് സ്വന്തമായി‌ (2-1). ആദ്യ മത്സരത്തിൽ പരാജയപ്പെട്ടതിന് ശേഷമാണ് തുടർച്ചയായി രണ്ട് വിജയങ്ങൾ നേടി ഇംഗ്ലണ്ട് പരമ്പര സ്വന്തമാക്കിയിരിക്കുന്നത്.

നേരത്തെ മത്സരത്തിൽ ടോസ് നേടിയ പാകിസ്ഥാൻ ബാറ്റിംഗ് തിരഞ്ഞെടുക്കുക യായിരുന്നു. 57 പന്തുകളിൽ 5 ബൗണ്ടറികളും, 3 സിക്സറുകളുമടക്കം 76 റൺസ് നേടിയ ഓപ്പണർ മൊഹമ്മദ് റിസ്വാന്റെ കരുത്തിലാണ് പാകിസ്ഥാൻ 154/6 എന്ന മാന്യമായ സ്കോറിലെത്തിയത്. റിസ്വാന് പുറമേ 24 റൺസെടുത്ത ഫഖർ സമാന് മാത്രമാണ് പാക് ബാറ്റിംഗിൽ തിളങ്ങാനായത്. ഇംഗ്ലണ്ടിനായി ആദിൽ റഷീദ് 35 റൺസ് വഴങ്ങി 4 വിക്കറ്റുകൾ വീഴ്ത്തി‌.

155 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന് ബാറ്റ് ചെയ്ത ഇംഗ്ലണ്ടിനായി ഓപ്പണർ ജേസൺ റോയ് തുടക്കം മുതൽ തകർത്തടിച്ചു. ഒരറ്റത്ത് ജോസ് ബട്ലറെ കാഴ്ചക്കാരനാക്കി നിർത്തി തകർത്താടിയ റോയ് വെറും 36 പന്തുകളിൽ 12 ബൗണ്ടറികളും ഒരു‌ സിക്സറുമടക്കം 64 റൺസ് നേടിയാണ് പുറത്തായത്.‌ ബട്ലർ 21 റൺസും, മലാൻ 31 റൺസും നേടിയെങ്കിലും അവയൊന്നും ടി20 യുടെ വേഗതയ്ക്കൊത്ത ഇന്നിംഗ്സുകളായിരുന്നില്ല. ഒരു ഘട്ടത്തിൽ കളി മുറുകുമെന്ന് തോന്നിച്ചപ്പോളായിരുന്നു 12 പന്തിൽ 21 റൺസ് നേടി നായകൻ ഓയിൻ മോർഗൻ വീണ്ടും ഇംഗ്ലണ്ടിന് മുൻ തൂക്കം നേടിക്കൊടുത്തത്. അവസാന ഘട്ടത്തിൽ തുടർച്ചയായി വിക്കറ്റുകൾ വീണെങ്കിലും പതറാതെ നിന്ന ഇംഗ്ലണ്ടിന്റെ വാലറ്റം രണ്ട് പന്തുകൾ ബാക്കി നിൽക്കെ ടീമിനെ വിജയത്തിലെത്തിച്ചു.