SHARE

വെസ്റ്റിൻഡീസിനെതിരായ ആദ്യ ഏകദിന മത്സരത്തിൽ ഇംഗ്ലണ്ടിന് 6 വിക്കറ്റിന്റെ ഉജ്ജ്വല ജയം. മത്സരത്തിൽ വിൻഡീസ് ഉയർത്തിയ 361 റൺസ് വിജയ ലക്ഷ്യം 8 പന്തുകൾ ബാക്കി നിൽക്കേ ഇംഗ്ലണ്ട് മറികടക്കുകയായിരുന്നു. 135 റൺസ് നേടി ക്രിസ് ഗെയിൽ തകർപ്പൻ തിരിച്ചുവരവ് നടത്തിയ മത്സരത്തിൽ ഓപ്പണർ ജേസൺ റോ, ജോ‌ റൂട്ട് എന്നിവരുടെ സെഞ്ചുറികളാണ് ഇംഗ്ലണ്ടിനെ വിജയത്തിലെത്തിച്ചത്.

ബാർബഡോസിൽ നടന്ന മത്സരത്തിൽ ടോസ് നേടിയ വെസ്റ്റിൻഡീസ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. 135 റൺസെടുത്ത ക്രിസ് ഗെയിൽ മുന്നിൽ നിന്ന് നയിച്ച മത്സരത്തിൽ 64 റൺസ് നേടി ഷായ് ഹോപ്പും, 40 റൺസെടുത്ത് ഡാരൻ ബ്രാവോയും തിളങ്ങിയപ്പോൾ വിൻഡീസ് നേടിയത് 360/8 എന്ന‌ പടുകൂറ്റൻ സ്കോർ.

ഹിമാലയൻ ലക്ഷ്യം പിന്തുടരാനുണ്ടായിട്ടും വളരെ അനായാസമാണ് ഇംഗ്ലണ്ട് ബാറ്റ് ചെയ്ത് നീങ്ങിയത്. ജേസൺ റോ ടോപ്‌ഗിയറിലെത്തിയതോടെ ഇംഗ്ലണ്ട് സ്കോർ റോക്കറ്റ് വേഗത്തിൽ കുതിച്ചു. 85 പന്തിൽ 15 ബൗണ്ടറികളും, 3 സിക്സറുകളുമടക്കം 123 റൺസാണ് ജേസൺ റോയ് നേടിയത്. 102 റൺസ് നേടിയ ജോ റൂട്ടും മികച്ച രീതിയിൽ ബാറ്റ് വീശിയതോടെ ഇംഗ്ലണ്ട് അവിസ്മരണീയ വിജയം സ്വപ്നം കണ്ടു. അവസാന ഓവറുകളിൽ നിശ്ചയദാർഡ്യത്തോടെ ബാറ്റ് ചെയ്ത നായകൻ ഇയാൻ മോർഗന്റെ (65 റൺസ്) ഇന്നിംഗ്സ് കൂടിയായതോടെ ഇംഗ്ലണ്ട് ആവേശ ജയത്തിലെത്തുകയായിരുന്നു.