SHARE

ഓസ്‌ട്രേലിയക്കെതിരെ മെല്‍ബണില്‍ നടക്കുന്ന നാലാം ആഷസ് ടെസ്റ്റിനിടെ ഇംഗ്ലണ്ട് താരങ്ങള്‍ പന്തില്‍ കൃത്രിമം കാണിച്ചുവെന്ന ആരോപണം നിഷേധിച്ച് ഇംഗ്ലണ്ട് കോച്ച് ട്രെവര്‍ ബയ്‌ലിസ് രംഗത്ത് വന്നു. ഒന്നാമിന്നിംഗ്‌സ് ലീഡ് നേടി ഇംഗ്ലണ്ട് ഓസ്‌ട്രേലിയക്കെതിരെ മികച്ച രീതിയിലാണ് പന്തെറിഞ്ഞത്.

രണ്ടാമിന്നിംഗ്‌സില്‍ തുടക്കത്തില്‍ തന്നെ രണ്ട് വിക്കറ്റുകള്‍ നഷ്ടപ്പെട്ട ഓസ്‌ട്രേലിയ 103 -2 എന്ന സ്‌കോറില്‍ നില്‍ക്കേ മഴ പെയ്ത് കളി തടസ്സപ്പെടുകയായിരുന്നു. എന്നാല്‍ ഇതിനിടെ ഓസ്‌ട്രേലിയന്‍ മാധ്യമങ്ങളും കമന്റേറ്റര്‍മാരും ഇംഗ്ലണ്ട് താരം ജെയിംസ് ആന്‍ഡേഴ്‌സണ്‍ പന്തില്‍ കൃത്രിമം കാണിച്ചുവെന്നാരോപിച്ച് രംഗത്ത് വരികയായിരുന്നു. ആന്‍ഡേഴ്‌സണ്‍ പന്തിന്റെ സീമിന്റെ ഇടയില്‍ നഖം ഉപയോഗിച്ച് ഉരയ്ക്കുന്ന വീഡിയോയും പുറത്ത് വന്നു. മുന്‍ ഓസ്‌ട്രേലിയന്‍ താരവും ക്രിക്കറ്റ് കമന്റേറ്ററായ ഷെയ്ന്‍ വോണും ഇത് പന്തില്‍ കൃത്രിമം കാണിക്കുന്നതാവാമെന്ന് സംശയം പ്രകടിപ്പിക്കുകയും ചെയ്തു. ഇതോടെയാണ് ഇംഗ്ലണ്ടിന്റെ കോച്ച് ഇതില്‍ ഒരു കൃത്രിമവുമില്ലെന്ന് പ്രഖ്യാപിച്ച് രംഗത്ത് വന്നത്.

താന്‍ വാര്‍ത്തകള്‍ കേട്ടാണ് സംഭവം അറിഞ്ഞതെന്നും അംപയര്‍മാരോട് സംസാരിച്ചപ്പോള്‍ അതില്‍ സംശയിക്കാന്‍ ഒന്നുമില്ലെന്ന് പറഞ്ഞതായും ട്രെവര്‍ വെളിപ്പെടുത്തി. ടെസ്റ്റിന്റെ നാലാദിവസം തുടങ്ങാനിരിക്കേ ഓസ്‌ട്രേലിയ ഇംഗ്ലണ്ടിന്റെ ഒന്നാമിന്നിംഗ്‌സ് സ്‌കോറിനേക്കാള്‍ 61 റണ്‍സ് പിന്നിലാണ്. ടെസ്റ്റ് സമനിലയിലേക്കാണ് നീങ്ങുന്നതെങ്കിലും വിവാദത്തിന്‍മേലുള്ള ചര്‍ച്ചകള്‍ നടക്കുകയാണ്.