SHARE

ലോക ഫുട്‌ബോള്‍ മാമാങ്കത്തിന് രണ്ടാഴ്ച്ച മാത്രം ബാക്കി നില്‍ക്കേ, ഇംഗ്ലീഷ് താരങ്ങള്‍ തീവ്ര പരിശീലനത്തില്‍. ലോകകപ്പിന് മുന്നൊരുക്കമായി ഫിറ്റ്‌നസ് വര്‍ധിപ്പിക്കാന്‍ താരങ്ങള്‍ കബഡി കളിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ഇംഗ്ലണ്ട് ടീം തന്നെയാണ് താരങ്ങളുടെ പരിശീലന വീഡിയോ പുറത്തിറക്കിയത്. ഇതില്‍ നിന്നാണ് കബഡി കളിക്ക് സമാനമായ ദൃശ്യങ്ങള്‍ ആരാധകര്‍ കണ്ടെത്തിയത്.

ഇന്ത്യയില്‍ ഏറെ പ്രശസ്തമായ കബഡി കളിച്ച് താരങ്ങള്‍ ഫുട്‌ബോള്‍ ലോകകപ്പിനൊരുങ്ങുന്നത് സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു. ജൂണ്‍ 14ന് തുടങ്ങുന്ന ലോകകപ്പില്‍ ടുണിഷ്യ, പാനമ, ബെല്‍ജിയം എന്നിവര്‍ക്കൊപ്പം ഗ്രൂപ്പ് ജിയിലാണ് ഇംഗ്ലണ്ടിന്റെ സ്ഥാനം. 18ന് ടുണീഷ്യയ്‌ക്കെതിരെയാണ് ഇംഗ്ലണ്ടിന്റെ ആദ്യ മത്സരം. 24ന് പാനമയെയും 28ന് ബെല്‍ജിയത്തെയും ഇംഗ്ലണ്ട് നേരിടും. ഇന്ന് രാത്രി നൈജീരിയക്കെതിരെയും 8ന് കോസ്റ്റാറിക്കക്കെതിരെയുമാണ് ഇംഗ്ലണ്ടിന്റെ ലോകകപ്പ് സന്നാഹ മത്സരങ്ങള്‍.

ഇത്തവണ ലോകകപ്പിന് കരുത്തുറ്റ യുവനിരയുമായാണ് ഇംഗ്ലണ്ടിന്റെ വരവ്. 1950ല്‍ ആദ്യ ലോകകപ്പ് കളിച്ച ഇംഗ്ലണ്ട് ഒരു തവണ മാത്രമാണ് കിരീടത്തില്‍ മുത്തമിട്ടത്. 1966ലായിരുന്നു അത്. 2014 ബ്രസീല്‍ ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്തായ ഇംഗ്ലണ്ടിന് ഈ ലോകകപ്പ് അഭിമാന പോരാട്ടം കൂടിയാണ്.