SHARE

ഓസ്ട്രേലിയക്കെതിരായ മൂന്നാം ആഷസ് ടെസ്റ്റിൽ ഇം​ഗ്ലണ്ടിനും ബാറ്റിങ് തകർച്ച. ആദ്യ ഇന്നിം​ഗ്സിൽ ഓസ്ട്രേലിയ നേടിയ 179 റൺസ് പിന്തുടർന്നിറങ്ങിയ ഇം​ഗ്ലണ്ടിന് സ്കോർ 50 എത്തുംമുമ്പ് തന്നെ ആറ് മുൻനിര വിക്കറ്റുകൾ നഷ്ടമായി.

ഇന്ന് ബാറ്റിങ്ങിനിറങ്ങിയ ഇം​ഗ്ലണ്ടിന് സ്കോർ പത്തിൽ നിൽക്കെ തന്നെ ഓപ്പണർ ജേസൺ റോയിയെ നഷ്ടമായി. തൊട്ടുപിന്നാലെ തന്നെ ജോ റൂട്ട് റണ്ണൊന്നുമെടുക്കാതെ പുറത്തായി. തുടർന്ന് കൃത്യമായ ഇടവേളകളിൽ റോറി ബേൺസ്,ബെൻ സ്റ്റോക്സ്, ജോ ഡെൻലി, ജോണി ബെയർസ്റ്റോ എന്നിവരും പുറത്തായി. ഇതുവരെ ബാറ്റ് ചെയ്തതിൽ 12 റൺസെടുത്ത ജോ ഡെൻലി മാത്രമെ രണ്ടക്കം കടന്നിട്ടുള്ളു

ജോസ് ബട്ലറും ക്രിസ് വോക്സുമാണ് ഇപ്പോൾ ക്രീസിലുള്ളത്. ഓസീസിനായി ജോഷ് ഹെയ്സൽവുഡ് മൂന്ന് വിക്കറ്റ് വീഴ്ത്തി. ജെയിംസ് പാറ്റിൻസൻ രണ്ടും പാറ്റ് കമ്മിൻസും ഒന്നും വിക്കറ്റ് വീഴ്ത്തി.