SHARE

പെർത്തിൽ നടക്കുന്ന മൂന്നാം ആഷസ് ടെസ്റ്റിൽ ഇംഗ്ലണ്ടിന് ഇന്നിംഗ്സിന്റെ യും 41 റൺസിന്റെയും കനത്ത പരാജയം. മത്സരത്തിന്റെ അവസാന ദിവസമായ ഇന്ന് മഴയും, നനഞ്ഞ ഔട്ട് ഫീൽഡും കാരണം കളി തുടങ്ങാൻ വൈകിയെങ്കിലും മത്സരം പുനരാരംഭിച്ചപ്പോൾ ഇംഗ്ലണ്ട് പരമ്പരയിലെ തങ്ങളുടെ മോശം പ്രകടനം ആവർത്തിക്കുകയും തോൽ വി ചോദിച്ച് വാങ്ങുകയുമായിരുന്നു. സ്കോർ ഇംഗ്ലണ്ട്- 403,218 ഓസ്ട്രേലിയ 662/9 ഡിക്ലയേർഡ്.

അഞ്ചാം ദിവസം വൈകിത്തുടങ്ങിയ മത്സരം ആരംഭിച്ച് അധികം കഴിയുന്നതിന് മുന്നേ അവർക്ക് ആദ്യ ഇന്നിംഗ്സിൽ സെഞ്ചുറി നേടിയിരുന്ന വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ജോണി ബെയർസ്റ്റോവിന്റെ വിക്കറ്റ് നഷ്ടമായി. 14 റൺസെടുത്ത ബെയർസ്റ്റോവ് ഹേസൽ വുഡിന്റെ പന്തിൽ പുറത്താകുമ്പോൾ ഇംഗ്ലണ്ട് സ്കോർ 133-5. തുടർന്ന് സ്കോർ ബോർഡിൽ 172 റൺസുള്ളപ്പോൾ മോയിൻ അലിയും 196 ൽ എത്തിയപ്പോൾ ദാവീദ് മലനും പവലിയനിൽ തിരിച്ചെത്തി‌. പിന്നീടെല്ലാം വളരെ വേഗത്തിലായിരുന്നു. ഓസ്ട്രേലിയയ്ക്ക് വേണ്ടി മികച്ച രീതിയിൽ പന്തെറിഞ്ഞ ജോഷ് ഹേസൽ വുഡ് അഞ്ചും നഥാൻ ലിയോൺ, പാറ്റ് കമ്മിൻസ് എന്നിവർ രണ്ടും വീതവും വിക്കറ്റുകൾ വീഴ്ത്തി.

ആദ്യ രണ്ട് ടെസ്റ്റിലും വിജയിച്ചിരുന്ന ഓസ്ട്രേലിയ പെർത്തിലും ജയിച്ചതോടെ പരമ്പരയും സ്വന്തമാക്കി. ബ്രിസ്ബേനിൽ നടന്ന ആദ്യ ടെസ്റ്റിൽ 10 വിക്കറ്റിനും അഡലെയ്ഡിൽ നടന്ന രണ്ടാം മത്സരത്തിൽ 120 റൺസിനുമായിരുന്നു ആതിഥേയരുടെ വിജയം. പരമ്പരയിലെ നാലാം ടെസ്റ്റ് ഡിസംബർ 26-ം തീയതി മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ ആരംഭിക്കും.