SHARE

അടുത്ത മാസം ന്യൂസിലൻഡിനെതിരെ നടക്കാനിരിക്കുന്ന രണ്ട് മത്സര ടെസ്റ്റ് പരമ്പരക്കുള്ള 15 അംഗ ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു. സീനിയർ താരം ജോ റൂട്ട് നയിക്കുന്ന ടീമിലേക്ക് ഇത്തവണത്തെ ഐപിഎല്ലിൽ കളിച്ച ഇംഗ്ലണ്ട് താരങ്ങളെ പരിഗണിച്ചില്ല. പരിക്കേറ്റ ബെൻ സ്റ്റോക്ക്സ്, ജോഫ്ര ആർച്ചർ എന്നിവരും ടീമിലില്ല. വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ജെയിംസ് ബ്രേസേ, പേസ് ബൗളർ ഒലി റോബിൻസൺ എന്നിവരാണ് ടീമിലെ പുതുമുഖങ്ങൾ.

വിശ്രമം അനുവദിച്ചതിനാ ലാണ് ഐപിഎല്ലിൽ കളിച്ച ഇംഗ്ലണ്ട് താരങ്ങളെ ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ടീമിലേക്ക് പരിഗണിക്കാതിരുന്നതെന്ന് ടീം പ്രഖ്യാപനത്തിനൊപ്പം ഇംഗ്ലണ്ട് പരിശീലകൻ ക്രിസ് സിൽവർവുഡ് വ്യക്തമാക്കിയിട്ടുണ്ട്‌. മോയിൻ അലി, ജോണി ബെയർസ്റ്റോ, ജോസ് ബട്ലർ, സാം കറൻ, ക്രിസ് വോക്സ് എന്നിവർക്കാണ് ഇത്തരത്തിൽ വിശ്രമം അനുവദിച്ചിരിക്കുന്നത്. ജൂൺ 2 മുതൽ 6 വരെ ലോർഡ്സിലാണ് ഇംഗ്ലണ്ടും ന്യൂസിലൻഡും തമ്മിലുള്ള ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം നടക്കുക. 10 മുതൽ 14 വരെ എഡ്ജ്ബാസ്റ്റണിൽ രണ്ടാം മത്സരവും നടക്കും.

ടെസ്റ്റ് പരമ്പരക്കുള്ള ഇംഗ്ലണ്ട് ടീം ഇങ്ങനെ,

ജോ‌ റൂട്ട് (ക്യാപ്റ്റൻ), ജെയിംസ് ആൻഡേഴ്സൺ, ജെയിംസ് ബ്രേസേ, സ്റ്റുവാർട്ട് ബ്രോഡ്, റോറി ബേൺസ്, സാക് ക്രൗളി, ബെൻ ഫോക്സ്, ഡാൻ ലോറൻസ്, ജാക്ക് ലീച്ച്, ക്രെയിഗ് ഓവർട്ടൺ, ഒലി പോപ്, ഒലി റോബിൻസൺ, ഡോം സിബ്ലി, ഒലി സ്റ്റോൺ, മാർക്ക് വുഡ്.