SHARE

ലോകകപ്പിലെ സൂപ്പർ പോരാട്ടത്തിൽ ഓസ്ട്രേലിയക്കെതിരെ ഇം​ഗ്ലണ്ടിന് 286 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ നിശ്ചിത അമ്പത് ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 285 റൺസെടുത്തു. ലോർഡ്സിലായിരുന്നു മത്സരം അരങ്ങേറിയത്.

ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ഓസീസിന് മികച്ച തുടക്കമാണ് ഓപ്പണർമാരായ ആരോൺ ഫിഞ്ചും ഡേവിഡ് വാർണറും ചേർന്ന് നൽകിയത്. ആദ്യം വിക്കറ്റിൽ 123 റൺസ് കൂട്ടുകെട്ട് പടുത്തുയർത്തിയ ശേഷമാണ് വാർണർ വീണത്. 53 റൺസെടുത്ത വാർണറെ വീഴ്ത്തിയത് മോയിൻ അലിയായിരുന്നു. തുടർന്ന് ഉസ്മാൻ ഖവാജയെത്തി. 50 റൺസ് കൂട്ടുകെട്ട് പടുത്തുയർത്തിയ ശേഷം 23 റൺസുമായി ഖവാജ മടങ്ങി.

പിന്നാലെ ഫിഞ്ചിന് കൂട്ടായി സ്റ്റീവൻ സ്മിത്തെത്തി. സ്കോർ 185-ൽ എത്തിയപ്പോൾ ഫിഞ്ച് സ്ഞ്ച്വറി തികച്ചു. തൊട്ടടുത്ത പന്തിൽ തന്നെ പുറത്താകുകയും ചെയ്തു. 116 പന്തിൽ പതിനൊന്ന് ഫോറും രണ്ട് സിക്സുമടക്കമായിരുന്നു ഫിഞ്ചിന്റെ ഇന്നിം​ഗ്സ്. ഫിഞ്ച് പുറത്തായതിന് പിന്നാലെ വന്ന ഓസീസ് ബാറ്റ്സ്മാൻമാർക്കൊന്നും മികച്ച കൂട്ടുകെട്ട് പടുത്തുയർത്താനായില്ല.

38 റൺസ് വീതമെടുത്ത സ്മിത്തും അലക്സ് കാരിയും മാത്രമാണ് തിളങ്ങിയ് മറ്റ് ബാറ്റ്സ്മാൻമാർ. ​ഗ്ലെൻ മാക്സ്വെൽ 12-ും മാർക്കസ് സ്റ്റോയിനിസ് എട്ടും റൺസ് മാത്രമാണെടുത്തത്. ഇം​ഗ്ലണ്ടിനായി ക്രിസ് വോക്സ് രണ്ട് വിക്കറ്റ് വീഴ്ത്തി. ജോഫ്ര ആർച്ചർ, മാർക്ക് വുഡ്, ബെൻ സ്റ്റോക്സ്, മോയിൻ അലി എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.