SHARE

ലോകകപ്പിലെ രണ്ടാം സെമിയിൽ ഓസ്ട്രേലിയക്കെതിരെ ഇം​ഗ്ലണ്ടിന് റൺസ് 224 വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ഓസീസ് 223 റൺസിന് ഓൾഔട്ടായി . ബിർമിങ്ങാമിലെ എഡ്ജ്ബാസ്റ്റനിലാണ് മത്സരം അരങ്ങേറുന്നത്.

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഓസീസിന് അപ്രതീക്ഷിത തിരിച്ചടിയാണ് നേരിട്ടത്. സ്കോർ 15-ൽ എത്തും മുമ്പെ ആരോൺ ഫിഞ്ച്, ഡേവിഡ് വാർണർ, പീറ്റർ ഹാൻസ്കോമ്പ് എന്നിവർ പുറത്തായി. ഇതോടെ കടുത്ത പ്രതിസന്ധി ഓസീസ് നേരിട്ട ഘട്ടത്തിലാണ് സ്റ്റീവൻ സ്മിത്തും അലക്സ് കാരിയും ഒന്നിക്കുന്നത്. ഇരുവരും ചേർന്ന് നാലാം വിക്കറ്റിൽ കുറിച്ച് 103 റൺസാണ് ഓസീസിന് ബലമായത്. സ്കോർ 117-ൽ നിൽക്കെ കാരി പുറത്തായി. ആദിൽ റാഷിദായിരുന്നു വിക്കറ്റ് വീഴ്ത്തിയത്.

പിന്നീട് വന്ന മാർക്കസ് സ്റ്റോയിനിസിൻ ഉടൻ തന്നെ പോയി. തുടർന്ന് വന്ന ​ഗ്ലെൻ മാക്സ്വെൽ 22 റൺസെടുത്തു പുറത്തായി, പിന്നാലെ വന്ന പാറ്റ് കമ്മിൻസും കൂടി വീണതോടെ ഓസീസ് സ്കോർ 167-ന് ഏഴ് എന്ന നിലയിലായി. എട്ടാം വിക്കറ്റിൽ സ്മിത്തിനൊപ്പം മിച്ചൽ സ്റ്റാർക്ക് ചേർന്നതോടെ സ്കോർ ഉയർന്നു

ഈ കൂട്ടുകെട്ട് അമ്പത് പിന്നിട്ടതിന് പിന്നാലെ 85 റൺസെടുത്ത സ്മിത്ത് റണ്ണൗട്ടായി. പിന്നാലെ തന്നെ 29 റൺസെടുത്ത സ്റ്റാർക്കും പുറത്തായതോടെ ഓസീസ് ചെറുത്തുനിൽപ്പ് അവസാനിച്ചു. ഇം​ഗ്ലണ്ടിനായി ആദിൽ റാഷിദും ക്രിസ് വോക്സും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ജോഫ്ര ആർച്ചർ രണ്ടും മാർക്ക് വുഡ് ഒന്നും വിക്കറ്റെടുത്തു