SHARE

സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിലായി നടക്കാനിരിക്കുന്ന പതിനാലാം എഡിഷൻ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ രണ്ടാം പാദത്തിൽ ഇംഗ്ലീഷ് താരങ്ങൾ കളിക്കാനുണ്ടായേക്കില്ലെന്നായിരുന്നു നേരത്തെ മുതൽ റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നത്. ഐപിഎൽ നടക്കുന്ന സമയം തന്നെ ഇംഗ്ലണ്ടിന്റെ ബംഗ്ലാദേശ് പര്യടനം നടക്കാനിരിക്കുന്നതിനാൽ ദേശീയ ടീമിലുള്ള താരങ്ങളെ ഐപിഎല്ലിനായി വിട്ടയക്കാൻ ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡ് തയ്യാറാകില്ലെന്നായിരുന്നു റിപ്പോർട്ടുകളിൽ പറഞ്ഞിരുന്നത്.

എന്നാൽ ഇപ്പോളിതാ സെപ്റ്റംബർ-ഒക്ടോബറിൽ നടക്കാനിരിക്കുന്ന ഇംഗ്ലണ്ടിന്റെ, ബംഗ്ലാദേശ് പര്യടനം നീട്ടി വെച്ചേക്കുമെന്നും അത് കൊണ്ടു തന്നെ ഇംഗ്ലീഷ് താരങ്ങൾ ഐപിഎല്ലിന്റെ രണ്ടാം പാദത്തിൽ കളിച്ചേക്കുമെന്നും വാർത്തകൾ വന്നിരിക്കുന്നു. പ്രശസ്ത ഇംഗ്ലീഷ് മാധ്യമമായ ദി ടെലഗ്രാഫ് ആണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്ത് വിട്ടിരിക്കുന്നത്. അവരുടെ വാർത്ത ശരിയാവുകയാണെങ്കിൽ ഇംഗ്ലീഷ് താരങ്ങൾ ഐപിഎല്ലിന്റെ യു എ ഇ പാദത്തിൽ കളിക്കുമെന്ന കാര്യവും ഉറപ്പാകും. നിലവിൽ ലഭിക്കുന്ന സൂചനകൾ പ്രകാരം അതിന് തന്നെയാണ് സാധ്യതയും. അത്‌ കൊണ്ടു തന്നെ ഐപിഎൽ ഫ്രാഞ്ചൈസികൾക്ക് വലിയ ആവേശവും, ആശ്വാസവും സമ്മാനിക്കുന്ന വാർത്തയാണിത്.

അതേ ‌സമയം ഇംഗ്ലണ്ട് താരങ്ങൾ ഐപിഎല്ലിന്റെ യു എ ഇ പാദത്തിൽ കളിച്ചേക്കുമെന്ന വാർത്ത ഏറ്റവും വലിയ ആശ്വാസം നൽകുന്നത് രാജസ്ഥാൻ റോയൽസിനാണ്. ബെൻ സ്റ്റോക്ക്സ്, ജോഫ്ര ആർച്ചർ, ലിയാം ലിവിംഗ്സ്റ്റൺ, ജോസ് ബട്ലർ എന്നീ 4 ഇംഗ്ലീഷ് സൂപ്പർ താരങ്ങളാണ് റോയൽസിന്റെ നെടുന്തൂൺ. ഇവർ കളിക്കാനെത്തിയില്ലെങ്കിൽ ടീം ദുർബലമാകുമെന്നതും എടുത്തു പറയണം.

ഐപിഎൽ കരാറുള്ള മറ്റ് ഇംഗ്ലണ്ട് താരങ്ങൾ ഇവരാണ് – ഓയിൻ മോർഗൻ, ഡേവിഡ് മലാൻ, സാം കറൻ, ക്രിസ് ജോർദാൻ, ജേസൺ റോയ്, ടോം കറൻ, ജോണി ബെയർസ്റ്റോ, മോയിൻ അലി.