SHARE

ഇന്ത്യക്കെതിരായ ടെസ്റ്റ്‌ മത്സരത്തിൽ കളിക്കാൻ അവസരം ലഭിക്കാതെ പോയ മൊയിൻ അലിക്കും ജെയിംസ് പോർട്ടറിനും ടി20 ബ്ലാസ്റ്റിലേക്ക് മടങ്ങാം. ബുധനാഴ്ച ഇംഗ്ലീഷ് ക്രിക്കറ്റ്‌ ബോർഡാണ് താരങ്ങളെ ടി20 ബ്ലാസ്റ്റ് കളിപ്പിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനത്തിലെത്തിയത്. നേരത്തെ ആദ്യടെസ്റ്റ്‌ മത്സരത്തിനുള്ള 13 അംഗ ടീമിൽ ഇരുവരും ഇടം പിടിച്ചിരുന്നു. എന്നാൽ ആദിൽ റഷീദിനെ ടീമിൽ ഉൾപ്പെടുത്തിയപ്പോൾ ഇരുവർക്കും അവസരം നഷ്ടപ്പെടുകയായിരുന്നു.

ഇതോടെയാണ് കൗണ്ടി ടീമുകൾ അണിനിരക്കുന്ന ടി20 ബ്ലാസ്റ്റ് ടൂർണമെന്റിലേക്ക്‌ മടങ്ങിക്കോളാൻ ബോർഡ്‌ നിർദ്ദേശിച്ചത്. ടെസ്റ്റ്‌ ക്രിക്കറ്റിലെ അരങ്ങേറ്റത്തിന് പോർട്ടറിനു ഇനിയും കാത്തിരിക്കേണ്ടി വരും. ടി20 ബ്ലാസ്റ്റിൽ അലി വോർസ്റ്റർഷിറിന്റെയും പോർട്ടർ എസെക്‌സിന്റെയും താരമാണ്. ഇന്ത്യയുടെ പരിശീലന മത്സരത്തിൽ എസ്സെക്സിനായി 3 വിക്കറ്റുകൾ നേടിയ താരമാണ് പോർട്ടർ.

നാളെ മുതൽ ഇരുവരും ടൂർണമെന്റിൽ കളിക്കും. നാളെ കെന്റിനെതിരെയാണ് പോർട്ടർ എസെക്‌സിനായി കളത്തിലിറങ്ങുക. വെള്ളിയാഴ്ച നടക്കുന്ന മത്സരത്തിൽ ടൗൺറ്റോനെയും നേരിടും. വെള്ളിയാഴ്ച ദുർഹാമിനെതിരെ സ്വന്തം തട്ടകത്തിലാകും വേർസിസ്റ്റർഷിറിനുവേണ്ടി അലിയുടെ മത്സരം. ശനിയാഴ്ച നോട്ടിങ്ഹാംഷെറിനെയും നേരിടും.