SHARE

ഇന്ത്യയ്‌ക്കെതിരെ ഓഗസ്റ്റ് ഒന്നിന് നടക്കുന്ന ആദ്യ മത്സരത്തിനുള്ള 13 അംഗ ടീമിനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്. നേരത്തെ, ടെസ്റ്റ് ക്രിക്കറ്റ് കളിക്കാന്‍ താല്‍പ്പര്യമില്ലെന്ന് വ്യക്തമാക്കിയ സ്പിന്നര്‍ ആദില്‍ റഷീദിനെ ടീമിലുള്‍പ്പെടുത്തിയതാണ് സര്‍പ്രൈസ് നീക്കം. 2016ല്‍ ഇന്ത്യയ്‌ക്കെതിരെ തന്നെയാണ് ആദില്‍ അവസാനമായി ടെസ്റ്റ് കളിച്ചത്.

മൊയീന്‍ അലിയും ടെസ്റ്റ് ടീമില്‍ തിരിച്ചെത്തിയപ്പോള്‍ യുവതാരം ജെയ്മി പോര്‍ട്ടര്‍ക്ക് ആദ്യമായി ടീമില്‍ സ്ഥാനം ലഭിച്ചു. ഈ വർഷം മാർച്ചിലാണ് മൊയീൻ അലി അവസാനമായി ടെസ്റ്റ് കളിച്ചത്. പരുക്കില്‍ നിന്ന് മുക്തനായി വരുന്ന ക്രിസ് വോക്‌സിനെ ഒഴിവാക്കിയപ്പോള്‍ ടീമിലെത്തിയിരിക്കുന്നത് യുവതാരം സാം കുറനാണ്. സ്റ്റുവര്‍ട്ട് ബ്രോഡ്, ജെയിംസ് ആന്‍ഡേഴ്‌സണ്‍ എന്നിവര്‍ ടീമില്‍ സ്ഥാനം കണ്ടെത്തിയിട്ടുണ്ട്. ആദ്യ മൂന്നു ടെസ്റ്റ് മത്സരങ്ങള്‍ക്കുള്ള ടീമിനെ ഇന്ത്യ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

ആദ്യ ടെസ്റ്റിനുള്ള ഇംഗ്ലണ്ട് സ്‌ക്വാഡ്:

ജോ റൂട്ട് (ക്യാപ്റ്റന്‍), അലസ്റ്റയര്‍ കുക്ക്, കീറ്റണ്‍ ജെന്നിംഗ്‌സ്, ഡേവിഡ് മലന്‍, ജോണി ബെയര്‍സ്‌റ്റോവ്, ബെന്‍ സ്‌റ്റോക്‌സ്, മൊയീന്‍ അലി, ജോസ് ബട്ട്‌ലര്‍, ആദില്‍ റഷീദ്, സാം കുറന്‍, സ്റ്റുവര്‍ട്ട് ബ്രോഡ്, ജെയിംസ് ആന്‍ഡേഴ്‌സണ്‍, ജെയ്മി പോര്‍ട്ടര്‍.