ലോകകപ്പ് കാണാനായി റഷ്യയിലേക്ക് പോകാനൊരുങ്ങിയ 1200-ലേറെ ആരാധകരെ ഇംഗ്ലണ്ട് വിലക്കി. ഫുട്ബോൾ മത്സരങ്ങളുമായി ബന്ധപ്പെട്ട അക്രമസംഭവങ്ങളിലും നിയമലംഘനങ്ങളിലും പങ്കാളികളായിട്ടുള്ളവരെയാണ് ഇംഗ്ലണ്ട് തടഞ്ഞുവെച്ചിരിക്കുന്നത്. ഇവരുടെ പാസ്പോർട്ടുകൾ പിടിച്ചെടുത്തു.
ഫ്രാൻസിൽ 2016-ൽ നടന്ന യൂറോക്കപ്പിനിടെ ഇംഗ്ലീഷ്-റഷ്യൻ ആരാധകസംഘങ്ങൾ ഏറ്റുമുട്ടിയത് വലിയ വിവാദമായിരുന്നു. ഇതിന്റെ തുടർച്ച റഷ്യയിൽ നടക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഈ സാഹചര്യത്തിൽ അക്രമങ്ങളുടെ പശ്ചാത്തലമുള്ള ആരാധകരെ ഒഴിവാക്കി, മാന്യരായ ആരാധകരെ മാത്രമെ ലോകകപ്പിന് അയക്കൂകയുള്ളുവെന്ന് ഇംഗ്ലണ്ട് തീരുമാനിച്ചിരുന്നു. ഇതിന്റെ തുടർച്ചയായുള്ള നടപടികളാണിത്.
1312 പേരോടാണ് പാസ്പോർട്ട് സമർപ്പിക്കാൻ അധികൃതർ നിർദേശിച്ചത്. ഇതിൽ 1254 പേർ പാസ്പോർട്ട് പോലീസിന് കൈമാറി. ബാക്കി ഉള്ളവരെ പിന്തുടരുകയാണെന്നാണ് പോലീസ് പറയുന്നത്. ഇതിന് പുറമേ, പ്രധാന ഇംഗ്ലീഷ് തുറമുഖങ്ങളിൽ പോലീസ് പരിശോധനയുണ്ടാകും. 10,000-ഓളം ഇംഗ്ലീഷുകാർ ലോകകപ്പ് കാണാൻ റഷ്യയിലെത്തുമെന്നാണ് റിപ്പോർട്ടുകൾ.