SHARE

ഇന്ത്യ- വിന്‍ഡീസ് ഏകദിനത്തിനു പിന്നാലെ മറ്റൊരു മത്സരത്തിനു കൂടി കാര്യവട്ടം സ്പോര്‍ട്സ് ഹബ് വേദിയായേക്കും. അടുത്ത ജനുവരിയില്‍ നടക്കുന്ന ഇംഗ്ലണ്ട് എ ടീമിന്റെ ഏകദിന, ടെസ്റ്റ് പരമ്പര ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടത്താനുള്ള ആലോചനയാണ് നടക്കുന്നത്. കഴിഞ്ഞദിവസം ബിസിസിഐ സംഘം സ്റ്റേഡിയത്തിലെ സൗകര്യങ്ങള്‍ പരിശോധിച്ചിരുന്നു.

നവംബര്‍ ഒന്നിനാണ് ഇന്ത്യ-വിന്‍ഡീസ് ഏകദിനം കാര്യവട്ടത്ത് നടക്കുക. ജനുവരിയില്‍ ഇംഗ്ലണ്ട് കളിക്കാനെത്തിയാല്‍ മികച്ചൊരു പോരാട്ടം മലയാളികള്‍ക്ക് സൗജന്യമായി കാണാനാകും. സാധാരണ എ ടീമുകളുടെ മത്സരങ്ങള്‍ക്ക് പ്രവേശനം സൗജന്യമാണ്. ഇംഗ്ലീഷ് എ ടീമായ ഇംഗ്ലണ്ട് ലയണ്‍സ് ടീമില്‍ ഗാരി ബാലസ്, ഡേവിഡ് മലാന്‍, ഹസീബ് ഹമീദ് തുടങ്ങി സീനിയര്‍ ടീമില്‍ കളിച്ച ഒരുപിടി താരങ്ങളുണ്ട്. അതുകൊണ്ട് തന്നെ മികച്ച പോരാട്ടം പ്രതീക്ഷിക്കാം. മത്സരം കാര്യവട്ടത്തിന് അനുവദിക്കുന്ന കാര്യത്തില്‍ ഒരാഴ്ചയ്ക്കുള്ളില്‍ തീരുമാനമുണ്ടാകും.