SHARE

ആദ്യ ടെസ്റ്റിന് മുന്നോടിയായി നടക്കുന്ന ദ്വിദിന പരിശീലന മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരേ ശ്രീലങ്കന്‍ ബോര്‍ഡ് പ്രസിഡന്റ്‌സ് ഇലവന് മികച്ച സ്‌കോര്‍. നാലു ബാറ്റ്‌സ്മാന്മാര്‍ അര്‍ധസെഞ്ചുറി തികച്ചപ്പോള്‍ 89.5 ഓവറില്‍ 392 റണ്‍സാണ് ലങ്കന്‍ ടീം അടിച്ചെടുത്തത്. രണ്ടുവിക്കറ്റെടുത്ത മോയീന്‍ അലി മാത്രമാണ് എട്ടു ബൗളര്‍മാരില്‍ തിളങ്ങിയത്.

ക്യാപ്റ്റന്‍ ലഹിരു തിരിമാനെ (45), കൗശല്‍ സില്‍വ (62), സദീര സമരവിക്രമ (58), എയ്ഞ്ചലോ മാത്യൂസ് (45), അഷാന്‍ പ്രിയഞ്ജന്‍ (50), മനോജ് ശരത്ചന്ദ്ര (59) ഇങ്ങനെ പോകുന്നു ബാറ്റ്‌സ്മാന്മാരുടെ പ്രകടനം. അടുത്തയാഴ്ച്ച ഗാലെയിലാണ് ആദ്യ ടെസ്റ്റ്. ഈ മത്സരത്തോടെ ഇതിഹാസ താരം രംഗനെ ഹെറാത്ത് വിരമിക്കും.

ലങ്കയിലെ രാഷ്ട്രീയ പ്രശ്‌നങ്ങളെത്തുടര്‍ന്ന് ഇംഗ്ലീഷ് ടീം തിരിച്ചുപോകുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഇത്തരമൊരു തീരുമാനമെടുത്തില്ലെന്ന് ടീം മാനേജ്‌മെന്റ് വ്യക്തമാക്കി. ഏകദിന, ടി20 പരമ്പരകള്‍ ഇംഗ്ലണ്ട് നേടിയിരുന്നു.