SHARE

ന്യൂസിലൻഡിനെതിരായ അഞ്ചാമത്തെയും അവസാനത്തെയും ഏകദിന മത്സരത്തിൽ ഇംഗ്ലണ്ടിന് 7 വിക്കറ്റിന്റെ തകർപ്പൻ ജയം. വിജയത്തോടെ ഏകദിന പരമ്പരയും ഇംഗ്ലണ്ട് സ്വന്തമാക്കി (3-2). ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് വെച്ച് നീട്ടിയ 224 റൺസ് വിജയലക്ഷ്യം, 60 പന്തിൽ 104 റൺസെടുത്ത ഓപ്പണർ ജോണി ബെയർസ്റ്റോവിന്റെ നേതൃത്വത്തിൽ ഇംഗ്ലണ്ട് അനായാസം മറികടക്കുകയായിരുന്നു. സ്കോർ : ന്യൂസിലൻഡ് – 223/10 (49.5 ഓവർ), ഇംഗ്ലണ്ട് – 229/3 ( 32.4 ഓവർ).

ക്രൈസ്റ്റ് ചർച്ചിലെ ഹാഗ്ലി ഓവലിൽ നടന്ന മത്സരത്തിൽ ടോസ് നേടിയ ഇംഗ്ലണ്ട് ടീം എതിരാളികളെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ബോളിംഗ് തിരഞ്ഞെടുത്ത ക്യാപ്റ്റന്റെ തീരുമാനം ശരിയാണെന്ന് തെളിയിക്കുന്നതായിരുന്നു ഇംഗ്ലണ്ട് ബോളർമാരുടെ പ്രകടനം. ഒരു റൺസിൽ ആദ്യ വിക്കറ്റ് നഷ്ടമായ അതിഥേയർക്ക്, തുടർച്ചയായ ഇടവേളകളിൽ വിക്കറ്റ് നഷ്ടമായിക്കൊണ്ടിരുന്നു. ഒരു ഘട്ടത്തിൽ 93/6 എന്ന നിലയിലായിരുന്ന അവർക്ക് എട്ടാം വിക്കറ്റിൽ മിച്ചൽ സാന്റ്നറും (67), ഹെൻ റി നിക്കോൾസും (55) ചേർന്ന് നേടിയ 84 റൺസ് കൂട്ടുകെട്ടാണ് ഭേദപ്പെട്ട സ്കോറിലെത്താൻ സഹായിച്ചത്. ഓപ്പണർ മാർട്ടിൻ ഗുപ്തിൽ 47 റൺസ് നേടി. 3 വിക്കറ്റ് വീതം വീഴ്ത്തിയ ആദിൽ റഷീദും, ക്രിസ് വോക്ക്സുമാണ് ഇംഗ്ലണ്ട് ബോളർമാരിൽ തിളങ്ങിയത്.

വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് ടി20 ശൈലിയിലാണ് ബാറ്റ് വീശിയത്. ഓപ്പണർ ജോണി ബെയർസ്റ്റോവും, അലക്സ് ഹെയിൽസും മത്സരിച്ച് ബാറ്റ് ചെയ്യാൻ തുടങ്ങിയതോടെ ന്യൂസിലൻഡ് ബോളർമാർ അടികൊണ്ട് വലഞ്ഞു. 155 റൺസിന്റെ ഓപ്പണിംഗ് വിക്കറ്റ് കൂട്ടുകെട്ടാണ് ഇരുവരും ചേർന്ന് സൃഷ്ടിച്ചത്. ബെയർസ്റ്റോ 60 പന്തിൽ 9 ബൗണ്ടറികളും, 6 സിക്സറുകളുമടക്കം 104 റൺസ് നേടിയപ്പോൾ, അലക്സ് ഹെയിൽസ് 74 പന്തുകളിൽ നിന്ന് 61 റൺസ് നേടിയതിന് ശേഷമാണ് പുറത്തായത്‌. ഇരുവരും പുറത്തായതിന് ശേഷം ജോ റൂട്ടും (23*), ബെൻ സ്റ്റോക്ക്സും (26*) ചേർന്ന് അനായാസം ടീമിനെ വിജയത്തിൽ എത്തിക്കുകയായിരുന്നു. മത്സരത്തിൽ ജയിച്ചതോടെ അഞ്ച് മത്സര ഏകദിന പരമ്പരയും ഇംഗ്ലണ്ടിന് സ്വന്തമായി (3-2).