SHARE

ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിന്റെ മൂന്നാംദിനം വെളിച്ചക്കുറവു മൂലം കളി അവസാനിക്കുമ്പോള്‍ നിയന്ത്രണം ഇംഗ്ലണ്ടിന്. രണ്ടാം ഇന്നിംഗ്‌സില്‍ 9 വിക്കറ്റിന് 324 റണ്‍സെന്ന നിലയിലാണ് ഇംഗ്ലണ്ട്. മൊത്തം 278 റണ്‍സിന്റെ ലീഡ്. കാന്‍ഡിയിലെ പിച്ചില്‍ നാലാം ഇന്നിംഗ്‌സില്‍ വലിയ സ്‌കോര്‍ തന്നെയാണിത്.

സെഞ്ചുറി നേടിയ ജോ റൂട്ടിന്റെ (124) ബാറ്റിംഗാണ് ഇംഗ്ലണ്ടിന് തുണയായത്. സ്‌കോര്‍ ഇംഗ്ലണ്ട് 290, 324-9, ശ്രീലങ്ക 336. ഒരുഘട്ടത്തില്‍ നാലിന് 109 റണ്‍സെന്ന നിലയില്‍ വീണപ്പോഴും റൂട്ടിന്റെ ആത്മധൈര്യമാണ് പിടിവിട്ടു പോകാതിരിക്കാന്‍ സന്ദര്‍ശകരെ സഹായിച്ചത്. 146 പന്തില്‍ നിന്നാണ് റൂട്ട് 124 റണ്‍സെടുത്തത്. ഓപ്പണര്‍ ജോ ബണ്‍സ് (59) തന്റെ റോള്‍ ഭംഗിയാക്കി.

വിക്കറ്റ് കീപ്പര്‍ ബെന്‍ ഫോക്‌സ് വാലറ്റക്കാരെ കൂട്ടുപിടിച്ച് ചെറുത്തുനില്പ് നടത്തിയതോടെ മാന്യമായ സ്‌കോറിലേക്ക് ഇംഗ്ലണ്ട് എത്തി. 51 റണ്‍സെടുത്ത ഫോക്‌സ് പുറത്താകാതെ നില്ക്കുന്നു. ലങ്കയ്ക്കായി അക്കില ധനഞ്ജയ ആറുവിക്കറ്റ് വീഴ്ത്തി. ആദ്യ ടെസ്റ്റ് ഇംഗ്ലണ്ട് ജയിച്ചിരുന്നു.