SHARE

28 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഇംഗ്ലണ്ട് വീണ്ടും ലോകകപ്പിന്റെ സെമിഫൈനലില്‍. വന്‍തോക്കുകള്‍ക്ക് മടക്ക ടിക്കറ്റ് നല്കുന്നതില്‍ വിദഗ്ധരായ സ്വീഡനെ 2-0ത്തിന് മറികടന്നാണ് ഹാരി കെയ്‌നും കൂട്ടരും ലോകകപ്പിലേക്ക് ഒരുപടി കൂടി അടുത്തത്. കളിയുടെ സമസ്ത മേഖലകളിലും സ്വീഡനെ നിഷ്പ്രഭമാക്കിയാണ് ത്രീ ലയണ്‍സിന്റെ കുതിപ്പ്.

ലോകകപ്പില്‍ യൂറോപ്യന്‍ ടീമുകള്‍ മാത്രം അവശേഷിച്ച ദിനത്തില്‍ ഇംഗ്ലണ്ട്- സ്വീഡന്‍ മത്സരം തുടങ്ങിയത് ആവേശമില്ലാതെയാണ്. കാര്യമായ മുന്നേറ്റങ്ങള്‍ക്ക് ശ്രമിക്കാതെ തുടങ്ങിയ പോരാട്ടത്തില്‍ നേരിയ മുന്‍തൂക്കം സ്വീഡിഷ് പടയ്ക്കായിരുന്നു. എന്നാല്‍ അവസരങ്ങള്‍ മുതലാക്കുന്നതില്‍ അവര്‍ പരാജയപ്പെട്ടു. ഇതോടെ ഇംഗ്ലണ്ട് പതിയെ മത്സരത്തിലേക്ക് തിരിച്ചെത്തി.

പതിനെട്ടാം മിനിറ്റില്‍ സൂപ്പര്‍ താരം ഹാരി കെയ്‌നിന്റെ ഒരു ഷോട്ട് പോസ്റ്റില്‍ തൊട്ടു തൊട്ടില്ലായെന്ന രീതിയില്‍ പുറത്തോട്ടുപോയി. അധികം വൈകാതെ ഇംഗ്ലണ്ട് ലീഡ് നേടി. ആഷ്‌ലി യങ്ങിന്റെ കോര്‍ണറില്‍ നിന്നും ഹെഡ് ചെയ്ത് ഹാരി മഗ്വയ്ര്‍ ഇംഗ്ലണ്ടിനെ മുന്നിലെത്തിച്ചു.

രണ്ടാംപകുതിയിലും ഇംഗ്ലീഷ് ആധിപത്യത്തിനാണ് സാമര അരീന സാക്ഷ്യം വഹിച്ചത്. ഒരു ഗോളില്‍ കടിച്ചു തൂങ്ങാതെ ലീഡ് വര്‍ധിപ്പിക്കാന്‍ കെയ്‌നും കൂട്ടരും ശ്രമിച്ചത് മത്സരം കുറച്ചുകൂടി ആവേശകരമാക്കി. അന്‍പത്തിനാലാം മിനിറ്റില്‍ മഗ്വയ്‌റിന്റെ ഹെഡര്‍ സ്വീഡിഷ് ബോക്‌സില്‍ ആകുലതകള്‍ സൃഷ്ടിച്ചു.

നല്ല നീക്കങ്ങള്‍ നല്ലൊരു ഫിനിഷറുടെ അഭാവത്താല്‍ യാതൊരു ചലനവും സൃഷ്ടിക്കാതെ പോകുന്നതാണ് മറുവശത്ത് കണ്ടത്. ഏവരും പ്രതീക്ഷിച്ചതുപോലെ അന്‍പത്തിയെട്ടാം മിനിറ്റില്‍ ഇംഗ്ലണ്ട് രണ്ടാം വെടിയും പൊട്ടിച്ചു. ലിന്‍ഗാര്‍ഡിന്റെ പാസില്‍ ഡെലെ അല്ലിയാണ് വലകുലുക്കിയത്. രണ്ടുഗോളുകള്‍ വീണതോടെ സീഡന്‍ തളരുകയും ചെയ്തു.