SHARE

ഒരു യഥാർത്ഥ നായകൻ എങ്ങനെയാകണമെന്ന് ഹാരി കെയിൻ കാണിച്ചു തന്ന മത്സരത്തിൽ ടുണീഷ്യക്കെതിരെ ഇംഗ്ലണ്ടിന് 2-1 ന്റെ വിജയം. രണ്ട് ഗോളുകളുമായി ടീമിനെ മുന്നിൽ നിന്ന് നയിച്ച കെയിൻ തന്നെയാണ് ഇംഗ്ലണ്ടിന്റെ വിജയനായകൻ. മത്സരം അവസാന മിനുറ്റുകളിലേക്ക് കടന്നപ്പോളായിരുന്നു ഇംഗ്ലണ്ടിന്റെ വിജയ ഗോൾ പിറന്നത്.

മത്സരത്തിന്റെ പതിനൊന്നാം മിനുറ്റിൽ ഹാരി കെയിനിലൂടെ ഇംഗ്ലണ്ട് ആദ്യം മുന്നിലെത്തി. ഗോൾ നേടിയ ശേഷവും മികച്ച രീതിയിൽ ഇംഗ്ലണ്ട് കളി തുടരവെയാണ് മത്സരത്തിന്റെ മുപ്പത്തിയഞ്ചാം മിനുറ്റിൽ ടുണീഷ്യക്ക് അനുകൂലമായി പെനാൽറ്റി ലഭിക്കുന്നത്‌. കിക്കെടുത്ത സസിക്ക് പിഴച്ചില്ല. മത്സരം സമനിലയിലെത്തി.

മത്സരത്തിന്റെ രണ്ടാം പകുതിയിൽ ഇംഗ്ലണ്ട് മുന്നേറ്റ നിരയെ സമർത്ഥമായി പ്രതിരോധിച്ച ടുണീഷ്യ മത്സരം സമനിലയിൽ പിടിക്കുമെന്ന് കരുതിയെങ്കിലും തൊണ്ണൂറ്റിയൊന്നാം മിനുറ്റിൽ ഹാരി കെയിൻ അവരുടെ വിജയനായകനാവുകയായിരുന്നു. ഹെഡറിലൂടെ ‌നേടിയ തകർപ്പൻ ഗോളിലൂടെയാണ് താരം ഇംഗ്ലണ്ടിന് ആവേശ ജയം സമ്മാനിച്ചത്.