SHARE

ന്യൂസിലാന്‍ഡിനെതിരെ വെല്ലിംഗ്ടണില്‍ നടന്ന മൂന്നാം ഏകദിനത്തില്‍ ഇംഗ്ലണ്ടിന് വിജയം. അവസാന പന്തു വരെ നീണ്ടു നിന്ന മത്സരത്തില്‍ നാലു റണ്‍സിനായിരുന്നു ഇംഗ്ലണ്ടിന്റെ വിജയം. കെയ്ന്‍ വില്യംസണ്‍ സെഞ്ചുറി നേടിയിട്ടും ന്യൂസിലാന്‍ഡ് ഇംഗ്ലണ്ട് ഉയര്‍ത്തിയ വിജയലക്ഷ്യം മറികടക്കാനായില്ല. സ്‌കോര്‍: ഇംഗ്ലണ്ട് 234-10 (50), ന്യൂസിലാന്‍ഡ് 230-8 (50).

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് പതുക്കെയാണ് തുടങ്ങിയത്. എട്ടാം ഓവറിന്റെ അവസാന പന്തില്‍ 15 റണ്‍സെടുത്ത ജേസണ്‍ റോയ് പുറത്തായപ്പോള്‍ ടീം സ്‌കോര്‍ ബോര്‍ഡില്‍ 25 റണ്‍സ് മാത്രം.19 റണ്‍സെടുത്ത് ജോണി ബെയര്‍സ്റ്റോവും 20 റണ്‍സെടുത്ത് ജോ റൂട്ടും പുറത്തായി. പിന്നീട് ക്രീസിലെത്തിയ ഇയാന്‍ മോര്‍ഗനാണ് ടീം സ്‌കോറിനെ മുന്നോട്ടു നയിച്ചത്.

48 റണ്‍സെുത്ത മോര്‍ഗന്, 39 റണ്‍സെടുത്ത ബെന്‍ സ്റ്റോക്സ് ഉറച്ച പിന്തുണ നല്‍കി. എന്നാല്‍ 73 പന്തുകളായിരുന്നു ബെന്‍ സ്റ്റോക്സ് നേരിട്ടത്. സ്റ്റോക്സ് പുറത്താവുമ്പോള്‍ 40.3 ഓവറില്‍ 168 റണ്‍സായിരുന്നു ഇംഗ്ലണ്ടിന്. 23 പന്തില്‍ 29 റണ്‍സെടുത്ത ജോസ് ബട്ട്ലര്‍ ഇന്നിംഗ്സിന് വേഗം കൂട്ടാന്‍ ശ്രമിച്ചെങ്കിലും ഇഷ് സോധിക്ക് വിക്കറ്റ് സമ്മാനിച്ചു. കൃത്യമായ ഇടവേളകളില്‍ വിക്കറ്റു വീഴ്ത്തി ന്യസിലാന്‍ഡ് ഇംഗ്ലണ്ട് സ്‌കോറിംഗ് വേഗത കൂടാതെ പിടിച്ചു നിര്‍ത്തി. കിവീസിന് വേണ്ടി ഇഷ് സോധി മൂന്നും ട്രെന്റ് ബോള്‍ട്ട് രണ്ടും വിക്കറ്റുകള്‍ നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലാന്‍ഡിന് ഓപ്പണര്‍ മാര്‍ട്ടിന്‍ ഗുപ്ടിലിനെ തുടക്കത്തിലേ നഷ്ടമായി. മൂന്നു റണ്‍സെടുത്ത ഗുപ്ടില്‍ ക്രിസ് വോക്‌സിന്റെ പന്തില്‍ ടോം കുറാന്‍ പിടിച്ചു പുറത്താവുകയായിരുന്നു. പിന്നീട് ക്രീസിലെത്തിയ കോളിന്‍ മണ്‍റോയും കെയ്ന്‍ വില്യംസണും ചേര്‍ന്ന് സ്‌കോറിനെ പതുക്കെ മുന്നോട്ടു നയിച്ചു.

കോളിന്‍ മണ്‍റോ 49 റണ്‍സെടുത്ത് പുറത്തായി. 23 റണ്‍സ് ചേര്‍ക്കുന്നതിനിടെ നാലു വിക്കറ്റുകള്‍ നഷ്ടപ്പെട്ട ന്യൂസിലാന്‍ഡ് തകര്‍ച്ച മുന്നില്‍ കണ്ടു. എന്നാല്‍ ഒരു വശത്ത് ഉറച്ച് നിന്ന ക്യാപ്റ്റന്‍ വില്യംസണ്‍ തന്റെ 11ാം സെഞ്ചുറി പൂര്‍ത്തിയാക്കി. അതിനിടെ മിച്ചല്‍ സാന്റ്‌നര്‍ 41 റണ്‍സെടുത്തു റണ്ണൗട്ടാവുകയും ചെയ്തു. അവസാന ഓവറില്‍ രണ്ടു വിക്കറ്റുകള്‍ ശേഷിക്കേ 15 റണ്‍സാണ് ന്യൂസിലാന്‍ഡിന് വിജയിക്കാന്‍ വേണ്ടിയിരുന്നത്. ക്രീസിലുണ്ടായിരുന്ന കെയ്ന്‍ വില്യംസണും ഇഷ് സോധിക്കും പക്ഷേ, ടീമിനെ വിജയത്തിലേക്ക് നയിക്കാനായില്ല. ഇംഗ്ലണ്ടിന് വേണ്ടി മോയിന്‍ അലി മൂന്നും ക്രിസ് വോക്‌സും ആദില്‍ റഷീദും രണ്ടു വീതവും വിക്കറ്റുകള്‍ നേടി. വിജയത്തോടെ ഇംഗ്ലണ്ട് പരമ്പരയില്‍ 2-1ന് മുന്നിലെത്തി.