SHARE

ഇന്ത്യക്കെതിരായ മൂന്ന് മത്സര ഏകദിന പരമ്പര ഇംഗ്ലണ്ടിന് സ്വന്തം. ഇന്ന് നടന്ന പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഇന്ത്യയെ 8 വിക്കറ്റിന് തകർത്താണ് ഇംഗ്ലണ്ട് പരമ്പര സ്വന്തമാക്കിയത്‌‌ (2-1). മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ടീം ഇന്ത്യ ഉയർത്തിയ 257 റൺസിന്റെ വിജയലക്ഷ്യം 2 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇംഗ്ലണ്ട് നേടുകയായിരുന്നു. തുടർച്ചയായ രണ്ടാംമത്സരത്തിലും സെഞ്ചുറി നേടിയ ജോ റൂട്ടും 88 റൺസെടുത്ത ഇയാൻ മോർഗനുമാണ് ഇംഗ്ലണ്ടിന്റെ വിജയശില്പികൾ. സ്കോർ : ഇന്ത്യ -256/8 (50 ഓവർ), ഇംഗ്ലണ്ട് – 260/2 (44.3 ഓവർ).

മത്സരത്തിൽ 257 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന് ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിന് വേണ്ടി ഓപ്പണർമാരായ ജെയിംസ് വിൻസും, ജോണി ബെയർസ്റ്റോവും ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. ഇരുവരും തമ്മിലുള്ള ആദ്യ വിക്കറ്റ് കൂട്ടുകെട്ട് 4.4 ഓവറിൽ 43 റൺസ് നേടി. 13 പന്തിൽ 30 റൺസെടുത്ത ജോണി ബെയർസ്റ്റോവിന്റെ വിക്കറ്റാണ് അവർക്ക് ആദ്യം നഷ്ടമായത്. ഇംഗ്ലണ്ട് സ്കോർ 74 ൽ എത്തിയപ്പോൾ 27 റൺസുമായി മറ്റൊരു ഓപ്പണർ ജെയിംസ് വിൻസും മടങ്ങി. തുടർന്ന് ഒത്തുചേർന്ന ജോ റൂട്ടും, ഇയാൻ മോർഗനും ചേർന്ന് ഇംഗ്ലണ്ടിനെ അനായാസം ജയത്തിലേക്ക് നയിക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തിലെ തകർപ്പൻ ഫോം ആവർത്തിച്ച ജോ റൂട്ട് 120 പന്തിൽ 100 റൺസും , നായകൻ ഇയാൻ മോർഗൻ 108 പന്തിൽ 88 റൺസുമായും മത്സരത്തിൽ പുറത്താകാതെ നിന്നു.‌

നേരത്തെ മത്സരത്തിൽ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് പതിഞ്ഞ തുടക്കമാണ് ലഭിച്ചത്. ഓപ്പണര്‍ രോഹിത് ശര്‍മ്മ താളം കണ്ടെത്താന്‍ വിഷമിച്ചതോടെ സ്‌കോറിംഗിന് വേഗം കുറവായിരുന്നു. 18 പന്തില്‍ 2 റണ്‍സെടുത്ത് രോഹിത് ഡേവിഡ് വില്ലിക്ക് വിക്കറ്റ് സമ്മാനിക്കുകയും ചെയ്തു. അതോടെ ക്രീസില്‍ ശിഖര്‍ ധവാനൊപ്പം ക്യാപ്റ്റന്‍ വിരാട് കോഹ്ലിയെത്തി.

കോഹ്ലിയും ധവാനും ചേര്‍ന്ന് ഇന്നിംഗ്‌സിനെ മുന്നോട്ടു നയിച്ചു. പതുക്കെ, ഇരുവരും ചേര്‍ന്ന് സ്‌കോറിംഗിന് വേഗം കൂട്ടുകയും ചെയ്തു. ഒടുവില്‍ 44 റണ്‍സെടുത്ത ധവാന്‍ റണ്ണൗട്ടായതോടെയാണ് ആ കൂട്ടുകെട്ട് തകര്‍ന്നത്. കെ എല്‍ രാഹുലിന് പകരം ടീമിലെത്തിയ ദിനേഷ് കാര്‍ത്തിക്കിന്റെ ഊഴമായിരുന്നു അടുത്തത്. മികച്ച തുടക്കം ലഭിച്ചുവെങ്കിലും കാര്‍ത്തിക്ക് 21 റണ്‍സെടുത്ത് മടങ്ങി.

തൊട്ടുപിന്നാലെ, വിരാട് കോഹ്ലി (71), സുരേഷ് റെയ്‌ന (1) എന്നിവരും പുറത്തായതോടെ ഇന്ത്യ പ്രതിരോധത്തിലായി. ക്രീസില്‍ ഹാര്‍ദിക് പാണ്ഡ്യയും എം എസ് ധോണിയും. പ്രതീക്ഷ നൽകിയെങ്കിലും 21 റണ്‍സെടുത്ത് ഹാര്‍ദിക് പാണ്ഡ്യയും 42 റൺസെടുത്ത ധോണിയും പവലിയനിലേക്ക് മടങ്ങി. അവസാന ഓവറുകളിൽ തകർത്തടിച്ച ഷർദുൽ താക്കൂറാണ് ഇന്ത്യൻ സ്കോർ 250 കടത്തിയത്. താക്കൂർ 13 പന്തിൽ 22 റൺസെടുത്ത് അവസാന പന്തിലാണ് പുറത്തായത്. ഭുവനേശ്വർ കുമാർ 21 റൺസെടുത്ത് പുറത്താവാതെ നിന്നു.