SHARE

സൂപ്പർ ഓവറിലേക്ക് നീണ്ട ആവേശപ്പോരാട്ടത്തിനൊടുവിൽ ന്യൂസിലൻഡിനെ കീഴടക്കിയ ഇംഗ്ലണ്ട് തങ്ങളുടെ ആദ്യ ഏകദിന ലോകകിരീടത്തിൽ മുത്തമിട്ടു. ലോർഡ്സിൽ നടന്ന പോരാട്ടത്തിൽ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് 241/8 എന്ന സ്കോർ പടുത്തുയർത്തിയപ്പോൾ, ഇംഗ്ലണ്ടിന് അതിനൊപ്പമെത്താനേ കഴിഞ്ഞുള്ളൂ. 84 റൺസ് നേടി പുറത്താകാതെ നിന്ന ബെൻസ്റ്റോക്ക്സിന്റെ മിന്നും പ്രകടനമാണ് ഇംഗ്ലണ്ടിന് ഫൈനലിൽ കരുത്തായത്. അവസാന ഓവറിന്റെ അവസാന പന്തിൽ 2 റൺസ് ജയിക്കാൻ വേണ്ടിയിരിക്കെ ഇംഗ്ലണ്ടിന് ഒരു റൺ മാത്രമാണ് നേടാനായത്.

തുടർന്ന് ടൈ ആയതോടെയാണ് വിജയികളെ കണ്ടെത്താൻ സൂപ്പർ ഓവർ വേണ്ടി വന്നത്. സൂപ്പർ ഓവറിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ട്രെന്റ് ബോൾട്ടിനെതിരെ സ്കോർ ചെയ്തത് 15 റൺസ്. മറുപടി ബാറ്റിംഗിൽ ന്യൂസിലൻഡും 15 റൺസ് നേടിയെങ്കിലും കൂടുതൽ ബൗണ്ടറികൾ നേടിയതിന്റെ ആനുകൂല്യത്തിൽ ഇംഗ്ലണ്ടിന് ലോകകിരീടം

ഫൈനലിൽ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലൻഡിന് അത്ര മികച്ച തുടക്കമല്ല ലഭിച്ചത്. ടീം സ്കോർ 29ൽ നിൽക്കെ മാർട്ടിൻ ​ഗപ്റ്റിലിനെ അവർക്ക് നഷ്ടമായി. എന്നാൽ ഹെന്റി നിക്കോൾസിനൊപ്പം നായകൻ കെയിൻ വില്യംസൻ എത്തിയതോടെ സ്കോർ ഉയർന്നു. പതിഞ്ഞ താളത്തിൽ തുടങ്ങി ഫോമിലേക്ക് ഉയരവെ സ്കോർ 103-ൽ എത്തിയപ്പോൾ വില്യംസനും വീണു. 30 റൺസായിരുന്നു വില്യംസന്റെ സംഭാവന. സ്കോർ 118-ൽ എത്തിയപ്പോൾ നിക്കോൾസും പുറത്തായി.

52 റൺസെടുത്ത നിക്കോൾസിന്റെ വിക്കറ്റ് ലിയാം പ്ലങ്കറ്റിനായിരുന്നു. തുടർന്ന് വന്ന റോസ് ടെയിലറിനും ജിമ്മി നീഷാമിനും കോളിൻ ഡി ​ഗ്രാൻഹോമിനുമൊന്നും ക്യാരമായൊന്നും ചെയ്യാനായില്ല. ഇതിനിടെ കൃതമായ ഇടവേളകളിൽ കിവീസ് വിക്കറ്റുകളും വീണുകൊണ്ടിരുന്നു. ഇതിനിടെ ഒരുവശത്ത് ടോം ലാതം പിടിച്ചുനിന്നിരുന്നു. എന്നാൽ 49-ാം ഓവറിൽ സ്കോർ 232-ൽ നിൽക്കെ ലാതവും വീണു. 47 റൺസെടുത്ത ലാതത്തിന്റെ വിക്കറ്റ് ക്രിസ് വോക്സിനായിരുന്നു

പത്ത് ഓവർ എറിഞ്ഞ് 42 റൺസ് മാത്രം വഴങ്ങി മൂന്ന് മുൻനിര വിക്കറ്റുകൾ വീഴ്ത്തിയ പ്ലങ്കറ്റാണ് കിവീസിന്റെ നടുവൊടിച്ചത്. ക്രിസ് വോക്സും മൂന്ന് വിക്കറ്റ് വീഴ്ത്തി തിളങ്ങിയപ്പോൾ മാർക്ക് വുഡും ജോഫ്ര ആർച്ചറും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

വിജയ ലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിന് തകർപ്പൻ ഫോമിലുള്ള ജേസൺ റോയുടെ വിക്കറ്റ് തുടക്കം തന്നെ നഷ്ടമായി. 17 റൺസെടുത്ത റോയെ, മാറ്റ് ഹെന്റിയാണ് വീഴ്ത്തിയത്. മൂന്നാമനായെത്തിയ ജോ റൂട്ട് താളം കണ്ടെത്താൻ നന്നേ ബുദ്ധിമുട്ടി. 30 പന്തിൽ 7 റൺസ് മാത്രം നേടിയ റൂട്ട് ഗ്രാൻഡ് ഹോമിന്റെ പന്തിൽ വിക്കറ്റ് കീപ്പർ ടോം ലാഥമിന് ക്യാച്ച് സമ്മാനിക്കുകയായിരുന്നു. ബെയർസ്റ്റോയായിരുന്നു പിന്നീട് വീണത്. പതിവിൽ നിന്ന് വ്യത്യസ്തമായി വേഗം കുറഞ്ഞ ഇന്നിംഗ്സുമായി മുന്നോട്ട് പോയ ബെയർസ്റ്റോ 55 പന്തിൽ 36 റൺസെടുത്ത് നിൽക്കെ ലോക്കി ഫെർഗൂസന്റെ പന്തിൽ ക്ലീൻ ബൗൾഡാവുകയായിരുന്നു.

തുടർന്ന് ഒത്തു ചേർന്ന ജോസ് ബട്ലറും ബെൻ സ്റ്റോക്ക്സും ചേർന്ന് ഇംഗ്ലണ്ടിനെ മത്സരത്തിലേക്ക് തിരിച്ച് കൊണ്ടു‌വന്നു. അർധ സെഞ്ചുറികൾ നേരിട്ട ഇരുവരും ക്രീസിൽ നിൽക്കുമ്പോൾ ഇംഗ്ലണ്ട് വിജയിക്കുമെന്ന് ആരാധകരും കരുതി. അതിനിടയ്ക്ക് ഫെർഗൂസൻ കിവീസിന് ബ്രേക്ക് ത്രൂവുമായെത്തി. 59 റൺസെടുത്ത ജോസ് ബട്ലറേയും, 2 റൺസെടുത്ത ക്രിസ് വോക്ക്സിനേയും അടുത്തടുത്ത ഓവറുകളിൽ പുറത്താക്കിയ ഫെർഗൂസൻ കിവീസിനെ വീണ്ടും മത്സരത്തിലേക്ക് തിരിച്ച് കൊണ്ട് വന്നു.

അവസാന ഓവറുകൾ ആയപ്പോൾ മത്സരം ഒരു ത്രില്ലറായി മാറി. 3 ഓവറിൽ ജയിക്കാൻ ഇംഗ്ലണ്ടിന് 34 റൺസും പിന്നീട് 2 ഓവറിൽ 24 റൺസും വേണ്ടിയിരുന്നു. മത്സരത്തിന്റെ അവസാന ഓവറിൽ 15 റൺസായിരുന്നു ഇംഗ്ലണ്ടിന് ജയിക്കാൻ വേണ്ടിയിരുന്നത്. മനസാന്നിധ്യം കൈവിടാതെ പോരാടിയ ബെൻ സ്റ്റോക്ക്സ് ട്രെന്റ് ബോൾട്ടിനെതിരെ അവസാന ഓവറിിലെ  ആദ്യ അഞ്ച് പന്തുകളിൽ 13 റൺസ് സ്കോർ ചെയ്തു. ഇതോടെ അവസാന പന്തിൽ വിജയ ലക്ഷ്യം 2 റൺസായി. എന്നാൽ രണ്ടാം റണ്ണിനായി ഓടവെ മാർക്ക് വുഡ് റണ്ണൗട്ടായി. മത്സരം ടൈയിൽ.  കളി സൂപ്പർ ഓവറിലേക്ക്.