SHARE

ബംഗ്ലാദേശിനെതിരായ ലോകകപ്പ് മത്സരത്തിൽ ബാറ്റ് ചെയ്യുന്നതിനിടെ പരിക്കേറ്റ ഇംഗ്ലണ്ട് സൂപ്പർ താരം ജോസ് ബട്ലർ, വെസ്റ്റിൻഡീസിനെതിരെ നാളെ നടക്കാനിരിക്കുന്ന മത്സരത്തിൽ കളിച്ചേക്കുമെന്ന് പരിശീലകൻ ട്രെവർ ബെയ്ലിസ്. ഇടുപ്പിനേറ്റ പരിക്കിനെത്തുടർന്ന് ബട്ലർക്ക് വിൻഡീസിനെതിരായ മത്സരം നഷ്ടമാകുമെന്നായിരുന്നു നേരത്തെ റിപ്പോർട്ടുകൾ. എന്നാൽ താരത്തിന്റെ ഇടുപ്പ് വേദന വളരെ വേഗം മാറുന്നുണ്ടെന്നും ഇന്നലെ നടന്ന ടീമിന്റെ പരിശീലനത്തിൽ ബട്ലർ പൂർണമായും പങ്കെടുത്തെന്നും ബെയ്ലിസ് സംസാരത്തിനിടെ വ്യക്തമാക്കുകയായിരുന്നു.

അതേ സമയം മത്സരത്തിന് മുൻപുള്ള ഫിറ്റ്നസ് പരിശോധനയിൽ വിജയിച്ചാൽ മാത്രമേ ബട്ലർക്ക് ഈ മത്സരത്തിൽ കളിക്കാനാവൂ. താരത്തി‌‌ന് കളിക്കാനായില്ലെങ്കിൽ ജെയിംസ് വിൻസോ, മോയിൻ അലിയോ പകരക്കാരനായി ടീമിലെത്തും. മത്സരദിനം രാവിലെയേ ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകൂ. ബട്ലർ അന്തിമ ഇലവനിൽ എത്തുകയാണെങ്കിൽ സ്പെഷ്യലിസ്റ്റ് ബാറ്റ്സ്മാനായാകും കളിക്കുക എന്നും റിപ്പോർട്ടുകളുണ്ട്.