SHARE

നാലാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ദക്ഷിണാഫ്രിക്ക തകരുന്നു. ആദ്യ ഇന്നിംഗ്‌സില്‍ ബാറ്റിംഗ് ആരംഭിച്ച ദക്ഷിണാഫ്രിക്ക 88 റണ്‍സ് എടുക്കുന്നതിനിടെ ആറുവിക്കറ്റുകളാണ് നഷ്ടമായത്. നേരത്തെ 400 റണ്‍സായിരുന്നു ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിംഗ്‌സിലെ സമ്പാദ്യം. നിലവില്‍ ഇംഗ്ലണ്ടിന് 312 റണ്‍സിന്റെ ലീഡാണുള്ളത്.

വാലറ്റത്തിന്റെ മികച്ച പ്രകടനമായിരുന്നു ഇംഗ്ലണ്ടിനെ മികച്ച സ്‌കോറിലേയ്‌ക്കെത്തിച്ചത്. പത്താം വി്ക്കറ്റില്‍ തകര്‍ത്തടിച്ച സ്റ്റുവര്‍ട്ട് ബ്രോഡും മാര്‍ക്ക് വുഡും ചേര്‍ന്ന് 82 റണ്‍സെടുത്തിരുന്നു. കേവലം 52 പന്തില്‍ നിന്നായിരുന്നു 82 റണ്‍സെടുത്തത്. എട്ടാം വിക്കറ്റില്‍ വോക്‌സും ബട്ട്‌ലറും ചേര്‍ന്ന് 40 റണ്‍സും നേടിയിരുന്നു.

ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ആന്റിച്ച് നേര്‍ജെ അഞ്ച് വിക്കറ്റ് വീഴ്ത്തി. തുടര്‍ന്ന് ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ഡി കോക്കിന് മാത്രമാണ് എന്തെങ്കിലും ചെയ്യാന്‍ സാധിച്ചത്. 32 റണ്‍സുമായി താരം ക്രീസിലുണ്ട്. മാര്‍ക്ക് വുഡ് മൂന്നു വിക്കറ്റുകള്‍ പിഴുത് ദക്ഷിണാഫ്രിക്കയുടെ പതനത്തില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചു.