SHARE

ഇം​ഗ്ലണ്ടിനെതിരെ നടക്കുന്ന യുവേഫ നേഷൻസ് ലീ​ഗ് മത്സരത്തിനുള്ള സ്പാനിഷ് ടീമിൽ നിന്ന് ഡീ​ഗോ കോസ്റ്റ,ഇസ്കോ എന്നിവരെ ഒഴിവാക്കി. പരിശീലകൻ ലൂയിസ് എന്റിക്വെ പ്രഖ്യാപിച്ച ടീമിലേക്ക് അൽവാരോ മൊറാത്തയേയും കോക്കെയേയും തിരിച്ചുവിളിച്ചു. ‍‍അടുത്ത ഞായറാഴ്ച സ്പെയിൽ തന്നെയാണ് ഇം​ഗ്ലണ്ടിനെതിരായ പോരാട്ടം. അതിന് മുമ്പ് സൗഹൃദ മത്സരത്തിൽ വെയിൽസിനേയും നേരിടുന്നുണ്ട്.

അപ്പെഡിസൈറ്റിസ് ശസ്ത്രക്രിയക്ക് ശേഷം വിശ്രമത്തിൽ തുടരുന്നതിനാലാണ് ഇസ്കോയെ ഒഴിവാക്കിയത്. ഇന്ന് നടന്ന ചാമ്പ്യൻസ് ലീ​ഗ് മത്സരത്തിനിടെ പരിക്കേറ്റതോടെയാണ് കോസ്റ്റയേയും ഒഴിവാക്കിയത്. പരിക്കേറ്റിരിക്കുന്ന ഡാനി കാർവഹാളിനേയും സെർജി റെബെർട്ടോയേയും ഒഴിവാക്കിയിട്ടുണ്ട്. അതേസമയം തന്നെ കിടിലൻ ഫോമിൽ കളിക്കുന്ന ബാഴ്സ താരം ജോർഡി ആൽബയെ മുൻ ബാഴ്സ പരിശീലകൻ കൂടിയായ എന്റിക്വെ ഇത്തവണയും ഒഴിവാക്കി.

ഇം​ഗ്ലീഷ് ക്ലബ് ചെൽസിയിൽ ഫോം കണ്ടെത്താനാകാത വിഷമിക്കുന്ന അൽവാരോ മൊറാത്തെയെ എന്റിക്വെ ടീമിലുൾപ്പെടുത്തി. ബൊറൂസിയ ഡോർട്ട്മുണ്ടിൽ മികച്ച പ്രകടനം നടത്തുന്ന മുൻ ബാഴ്സ താരം പാക്കോ അൽക്കാസറും എന്റിക്വെയുടെ വിശ്വാസം നേടിയെടുത്തു. ​കഴിഞ്ഞ മാസം നടന്ന മത്സരത്തിൽ ക്രൊയേഷ്യയെ എതിരില്ലാത്ത ആറ് ​ഗോളുകൾക്ക് തകർത്തിരുന്നു.