SHARE

സിനദിൻ സിദാന്റെ മക്കളെല്ലാവരും തന്നെ ഫുട്ബോളിൽ പിതാവിന്റെ പാത പിന്തുടരുന്നവരാണ്. എന്നാൽ ആർക്കും തന്നെ സിദാന്റെ പ്രതിഭയുടെ അടുത്തെങ്ങുമെത്താൻ സാധിച്ചിട്ടില്ല എന്നതാണ് വസ്തുത. പല വമ്പൻ ക്ലബുകളുടെ അക്കാദമികളിൽ തുടക്കം കിട്ടിയെങ്കിലും താരപുത്രന്മാർക്ക് പിന്നീട് ശോഭിക്കാനായിട്ടില്ല.

ഇതിനിടെയാണിപ്പോൾ സിദാന്റെ മൂത്ത മകനായ എൻസോ യൂറോപ്യൻ ഫുട്ബോൾ വിടുന്നു എന്ന വാർത്തകൾ വരുന്നത്. 25-കാരനായ എൻസോ, സിദാന്റെ പാത പിന്തുടർന്ന് മിഡ്ഫീൽഡറായാണ് കളിക്കുന്നത്. മൊറോക്കോയിലെ വമ്പൻ ക്ലബായ വാദ്യദ് കാസാബ്ലാങ്കയിലേക്ക് എൻസോ ചേക്കേറുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. താരത്തിന്റെ ഏജന്റ് തന്നെയാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്.

2004 മുതൽ റയലിന്റെ അക്കാദമി താരമാണ് എൻസോ. റയലിന്റെ ബി, സി ടീമുകൾക്കായി കളിച്ചിട്ടുള്ള എൻസോ ഒരിക്കൽ സീനിയർ ടീമിനായും കളിച്ചിട്ടുണ്ട്. പിന്നീട് ഡിപോർട്ടീവോ അലാവസിലേക്ക് പോയ എൻസോ തുടർന്ന് സ്വിറ്റ്സർലൻഡ്, പോർച്ചു​ഗൽ എന്നിവിടങ്ങളിൽ കളിച്ചു. പിന്നീടീവർഷമാണ് സ്പാനിഷ് അൽമെറിയയിലെത്തിയത്.