SHARE

ഇം​ഗ്ലണ്ടിന്റെ ഏകദിന-ടി20 ടീം ക്യാപ്റ്റനും സൂപ്പർതാരവുമായ ഓയിൻ മോർ​ഗൻ അന്താരാഷ്ട്ര ക്രിക്കറ്റിനോട് വിടപറഞ്ഞേക്കുമെന്ന് സൂചന. ദ ​ഗാർഡിയൻ പത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വിരമിക്കാൻ തീരുമാനിക്കുന്നെങ്കിൽ മോർ​ഗൻ ക്യാപ്റ്റൻസി ഒഴിയുമെന്നും വാർത്തകളുണ്ട്.

35-കാരനയ മോർ​ഗൻ അയർലൻഡിന് വേണ്ടിയാണ് 2006-ൽ അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ചത്. പിന്നീടാണ് ഇം​ഗ്ലണ്ടിലേക്ക് ചുവടുമാറ്റിയത്. 2014 മുതൽ ഇം​ഗ്ലണ്ടിന്റെ ഏകദിന-ടി20 ടീം ക്യാപ്റ്റനാണ് മോർ​ഗൻ. 2019-ൽ ചരിത്രത്തിലാദ്യമായി ഇം​ഗ്ലണ്ട് ലോകകപ്പ് കിരീടമുയർത്തിയത് മോർ​ഗന്റെ നേതൃത്ത്വത്തിലായിരുന്നു. വരാനിരിക്കുന്ന ടി20 ലോകകപ്പിലും ഇം​ഗ്ലണ്ടിനെ നയിക്കണമെന്നായിരുന്നു മോർ​ഗന്റെ താൽപര്യം. എന്നാൽ സമീപകാലത്തെ ഫോമില്ലായ്മയും ഫിറ്റനസ് പ്രശ്നങ്ങളും മോർ​ഗന് തിരിച്ചടിയായി.

വിരമിക്കുകയോ അല്ലെങ്കിൽ ക്യാപ്റ്റൻസി ഒഴിയുകയോ ചെയ്യാനുള്ള മാർ​ഗന്റെ തീരുമാനം വൈകാതെയുണ്ടാകുമെന്നാണ് സൂചന. ഈ രണ്ട് സാഹചര്യമായാലും ജോസ് ബട്ലറാകും മോർ​ഗന്റെ പകരക്കാരനാകുക എന്നും റിപ്പോർട്ടുകളുണ്ട്.