SHARE

ഇംഗ്ലീഷ് പ്രീമിര്‍ ലീഗില്‍ ഇന്നലെ നടന്ന പോരാട്ടങ്ങളില്‍ ലിവര്‍പൂളും മാഞ്ചസ്റ്റര്‍ യുണൈറ്റഡും വിജയം നേടിയപ്പോള്‍ സ്വന്തം തട്ടകത്തില്‍ സമനില വഴങ്ങേണ്ടി വന്നു ആഴ്‌സനലിന്. എമിറേറ്റ്‌സ് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആവേശകരമായിരുന്നു ആഴ്‌സനലിന്റെ തുടക്കം മത്സരം പത്തു മിനിട്ട് പിന്നിടും മുമ്പ് രണ്ടു തവണയാണ് ആഴ്‌സനല്‍ എതിരാളികളുടെ വല ചലിപ്പിച്ചത്. 7-ാം മിനിറ്റില്‍ സോക്രട്ടീസും 9-ാം മിനിറ്റില്‍ ഡേവിഡ് ലൂയിസുമാണ് ഗോള്‍ നേടിയത്.
എന്നാല്‍ ആദ്യ പകുതി പിന്നിടും മുമ്പേ സന്ദര്‍ശകര്‍ ഒരു ഗോള്‍ തിരിച്ചടിച്ചു. മിലന്‍ കോവിച്ച് പെനാല്‍ററി ഗോളാക്കി മാറ്റുകയായിരുന്നു. തുടര്‍ന്ന് 52-ാം മിനിറ്റില്‍ സമനില ഗോളും ക്രിസ്റ്റല്‍ പാലസ് നേടി. ഇതോടെ മികച്ച തുടക്കം ലഭിച്ചിട്ടും സ്വന്തം ഗ്രൗണ്ടില്‍ ഒരു പോയിന്റുകൊണട് തൃപ്തിപ്പെടേണ്ടിവന്നു ആഴ്‌സനലിന്.

സ്വന്തം തട്ടകമായ ആന്‍ഫീല്‍ഡിലാണ് ലിവര്‍പൂള്‍ ടോട്ടനത്തെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് തകര്‍ത്തത്. ആന്‍ഫീല്‍ഡില്‍ ചെമ്പടയ്ക്കായി ആര്‍ത്തിരമ്പിയ ഗ്യാലറിയെ നിശബ്ദമാക്കി ആദ്യ മിനിറ്റില്‍ തന്നെ ടോട്ടനത്തിനു വേണ്ടി സൂപ്പര്‍ താരം ഹാരി കെയ്ന്‍ ആദ്യ ഗോള്‍ നേടി. സ്വന്തം കാണികള്‍ക്കു മുന്നില്‍, പിന്നില്‍ നില്‍ക്കാന്‍ മനസ്സില്ലാതിരുന്ന ലിവര്‍പൂളും നിരവധി അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും ടോട്ടനം ഗോള്‍കീപ്പറുടെ സൂപ്പര്‍ സേവുകള്‍ തിരിച്ചടിയായി.ആദ്യ പകുതിയില്‍ ടോട്ടനം തന്നെ മുന്നില്‍ നിന്നു. എന്നാല്‍ 52-ാം മിനിറ്റില്‍ ജോര്‍ഡന്‍ ഹെന്‍ഡേഴ്‌സനിലൂടെ ലിവര്‍പൂള്‍ സമനില പിടിച്ചു. 75-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി മുഹമ്മദ് സലയും പാഴാക്കാതിരുന്നതോടെ വിജയം ലിവര്‍പൂളിനൊപ്പം നിന്നു.

-Advertisement-

നോര്‍വിച്ച് സിറ്റിക്കെതിരെയായിരുന്നു മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ വിജയം. രണ്ടു പെനാല്‍റ്റികല്‍ നഷ്ടപ്പെടുത്തിയെങ്കിലും ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് വിജയിക്കാന്‍ അവര്‍ക്കായി. ആദ്യപകുതിയില്‍ മക്ടോമിനേയും റാഷ്‌ഫോര്‍ഡുമാണ് ഗോളുകള്‍ നേടിയത്. 73-ാം മിനിറ്റില്‍ മാര്‍ഷ്യല്‍ മൂന്നാം ഗോള്‍ നേടി. എന്നാല്‍ മറുപടിയായി ഒരു ഗോള്‍ മാത്രമാണ് നോര്‍വിച്ച് സിറ്റിയില്‍ നിന്നും പിറന്നത്. 88-ാം മിനിറ്റില്‍ ഹെര്‍ണാണ്ടെസില്‍ നിന്നുമായിരുന്നു അവരുടെ ആശ്വാസ ഗോള്‍.

മറ്റൊരു മത്സരത്തില്‍ ന്യൂകാസ്റ്റിലും വോള്‍വ്‌സും ഓരോ ഗോള്‍ വീതമടിച്ച് സമനിലയില്‍ പിരിഞ്ഞു. മത്സരത്തിന്റെ 82-ാം മിനിറ്റില്‍ ന്യൂകാസ്റ്റില്‍ താരം ലോംഗ്‌സ്റ്റാഫ് ചുവപ്പ് കാര്‍ഡ് കണ്ടു പുറത്തായി. ലീഗില്‍ ലിവര്‍പൂള്‍ തന്നെയാണ് ഇപ്പോള്‍ പോയിന്റ് പട്ടികയില്‍ ഒന്നാമത്. 28 പോയിന്റാണ് ലിവര്‍പൂളിനുള്ളത്. 22 പോയിന്റുമായി മാഞ്ചസ്റ്റര്‍ സിറ്റി രണ്ടാമതുണ്ട്.