SHARE

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്നലെ‌ നടന്ന ത്രില്ലർ പോരാട്ടത്തിൽ ബ്രൈറ്റണെ 3-2 ന് വീഴ്ത്തി മാഞ്ചസ്റ്റർ യുണൈറ്റഡ്. ഇഞ്ചുറി സമയത്തിന്റെ അവസാന നിമിഷം ലഭിച്ച പെനാൽറ്റി ഗോളാക്കിയാണ് ആവേശപ്പോരാട്ടത്തിൽ യുണൈറ്റഡ് വിജയം നേടിയത്. മത്സരത്തിലുടനീളം നിർഭാഗ്യം വേട്ടയാടിയ ബ്രൈറ്റണിന്റെ അഞ്ചോളം ഷോട്ടുകളാണ് ബാറിലിടിച്ച് തെറിച്ചത്.

മത്സരത്തിന്റെ നാൽപ്പതാം മിനുറ്റിൽ മൗപേ നേടിയ ഗോളിൽ ബ്രൈറ്റൺ മുന്നിലെത്തി. മൂന്ന് മിനുറ്റുകൾക്ക് ശേഷം ലെവിസ് ഡങ്ക് ദാനം നൽകിയ സെൽഫ് ഗോളിൽ യുണൈറ്റഡ് മത്സരം ഒപ്പമെത്തിച്ചു. രണ്ടാം പകുതി ആരംഭിച്ച് പതിനഞ്ചാം മിനുറ്റിൽ മാർക്കസ് റാഷ്ഫോഡ് യുണൈറ്റഡിന് ലീഡ് സമ്മാനിച്ചു. എന്നാൽ മത്സരത്തിന്റെ ഇഞ്ചുറി സമയത്ത് സോളി മാർച്ച് നേടിയ ഗോളിൽ ബ്രൈറ്റൺ കളി സമനിലയിലെത്തിക്കുകയായിരുന്നു.

ത്രില്ലർ പോരാട്ടം സമനിലയിൽ അവസാനിക്കുമെന്ന് ഉറപ്പിച്ചിരുന്നപ്പോളായിരുന്നു നാടകീയ നിമിഷങ്ങൾ അരങ്ങേറിയത്. അവസാനം യുണൈറ്റഡിന് അനുകൂലമായി പെനാൽറ്റി. കിക്കെടുത്ത ബ്രൂണോ ഫെർണാണ്ടസിന് പിഴച്ചില്ല. യുണൈറ്റഡിന് മത്സരത്തിൽ വിജയം‌ (3-2).

ചെൽസിയും, വെസ്റ്റ്ബ്രോമും തമ്മിൽ ഇന്നലെ നടന്ന പോരാട്ടവും ഫുട്ബോൾ ലോകത്തെ ത്രസിപ്പിക്കുന്നതായിരുന്നു. ആദ്യ പകുതിയിൽ 3-0 ന് മുന്നിലെത്തി വെസ്റ്റ് ബ്രോം, ചെൽസിയെ ഞെട്ടിച്ചെങ്കിലും, രണ്ടാം പകുതിയിൽ ഗംഭീര തിരിച്ചുവരവ് നടത്തിയ ലാംപാർഡിന്റെ സംഘം ആവേശ സമനില പിടിച്ചു വാങ്ങുകയായിരുന്നു. സ്കോർ വെസ്റ്റ്ബ്രോം 3-3 ചെൽസി. കല്ലം റോബിൻസണിന്റെ ഇരട്ട ഗോളുകളും, കൈൽ ബാർട്ലിയുടെ ഗോളും വെസ്റ്റ്ബ്രോമിന് തുണയായപ്പോൾ, മേസൺ മൗണ്ട്, കല്ലം ഹഡ്സൺ ഒഡോയ്, ടമി എബ്രഹാം എന്നിവരാണ് ചെൽസിയുടെ ഗോൾ സ്കോറർമാർ.

ഇന്നലെ നടന്ന മറ്റൊരു മത്സരത്തിൽ എവർട്ടൺ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ക്രിസ്റ്റൽ പാലസിനെ പരാജയപ്പെടുത്തി. ഡൊമിനിക്ക് കാല്വർട്ട് ലെവിൻ, റിച്ചാർലിസൺ എന്നിവരാണ് എവർട്ടണിനായി ഗോളുകൾ നേടിയത്.