SHARE

ഇത്തവണത്തെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഗോള്‍ മഴയില്‍ നിറഞ്ഞു നില്ക്കുകയാണ്. മുമ്പന്മാര്‍ ഗോളുകള്‍ എതിര്‍പോസ്റ്റില്‍ നിക്ഷേപിക്കുന്നതില്‍ മത്സരിക്കുകയാണ്. ആദ്യ മൂന്നു സ്ഥാനങ്ങളിലുള്ള ലിവര്‍പൂളും മാഞ്ചസ്റ്റര്‍ സിറ്റിയും ചെല്‍സിയും ആണ് എതിര്‍ ഗോളിമാര്‍ക്ക് പിടിപ്പത് പണി നല്കുന്നത്. ഒന്നാം സ്ഥാനത്തുള്ള ലിവര്‍പൂള്‍ ഇതുവരെ ആറു മത്സരങ്ങളില്‍ നിന്ന് അടിച്ചുകൂട്ടിയത് 14 ഗോളുകള്‍. വഴങ്ങിയത് വെറും രണ്ടെണ്ണം മാത്രവും.

സിറ്റിയും മോശമല്ല. 19 എണ്ണം അടിച്ചുകൂട്ടി റിക്കാര്‍ഡിട്ടു അവര്‍. വഴങ്ങിയതാകട്ടെ വെറും മൂന്നെണ്ണം മാത്രവും. ഒരുമത്സരം കുറച്ചു കളിച്ച ചെല്‍സിയുടെ സമ്പാദ്യം 14 ഗോളും വാങ്ങിച്ചത് നാലെണ്ണവുമാണ്. ഗോള്‍ അടിക്കുന്നതിനൊപ്പം എതിരാളികളെ കൊണ്ട് അടിപ്പിക്കാതിരിക്കുന്നതിലും മുമ്പന്മാര്‍ ശ്രദ്ധിക്കുന്നു. ദുര്‍ബല ടീമുകളെല്ലാം ഇത്തവണ ഗോള്‍ വഴങ്ങുന്നതില്‍ മത്സരിക്കുകയും ചെയ്യുന്നു.

ശനിയാഴ്ച്ചത്തെ മത്സരങ്ങളില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഒഴികെയുള്ള വമ്പന്മാര്‍ക്കെല്ലാം സന്തോഷത്തിന്റേതായി. വോള്‍വ്ഗ്‌സാണ് യുണൈറ്റഡിനെ സമത്തില്‍ പിടിച്ചത്. മാഞ്ചസ്റ്റര്‍ സിറ്റി കാര്‍ഡിഫ് സിറ്റിയെ 5-0ത്തിനും ലിവര്‍പൂള്‍ സതാംപ്ടണിനെ 3-0ത്തിനും കെട്ടുകെട്ടിച്ചു. 18 പോയിന്റുമായി ലിവര്‍പൂളാണ് പോയിന്റ് പട്ടികയില്‍ ഒന്നാമത്. സിറ്റി (16) രണ്ടാമതും ചെല്‍സി (15) മൂന്നാം സ്ഥാനത്തുമാണ്.