SHARE

ആദ്യ പാദ പോരട്ടാത്തിൽ വൻ ജയം നേടുക. എന്നിട്ട് രണ്ടാം പാദത്തിൽ കലമുടച്ച് പുറത്താകുക. സ്പാനിഷ് സൂപ്പർ ക്ലബ് ബാഴ്സലോണയുടെ സമീപകാല അവസ്ഥായാണിത്. കഴിഞ്ഞ രണ്ട് ചാമ്പ്യൻസ് ലീ​ഗ് പോരാട്ടങ്ങളിലും ഇത് ലോകം മുഴുവൻ കണ്ടത്. ഇക്കാര്യത്തിൽ ഇപ്പോൾ സ്പാനിഷ് ബാഴ്സയ്ക്ക് കൂട്ടായി ഇക്വഡോറിലെ ബാഴ്സലോണയുമുണ്ട്.

ഇക്വഡോറിലെ ഏറ്റവും പ്രശസ്തമായ ക്ലബാണ് ബാഴ്സലോണ എസ്.സി. സ്പെയിനിലെ ബാഴ്സലോണയിൽ നിന്ന് കുടിയേറി ഇക്വഡോറിലെത്തിയ ഒരാളാണ് നാടിന്റെ പേരിൽ ക്ലബ് തുടങ്ങിയത്. എന്നാൽ പേരിൽ മാത്രമല്ല രണ്ടാം പാദത്തിൽ കലമുടയ്ക്കുന്ന കാര്യത്തിലും സ്പാനിഷ് ഭീമന്മാരെ അനുകരിക്കുകയാണ് ഇക്വഡേറിലെ കരുത്തരും. ഇക്വഡോറിലെ നോക്കൗട്ട് ടൂർണമെന്റിലായിരുന്നു ഈ ബാഴ്സയുടെ കലമുടയ്ക്കൽ

കോപ്പാ ഇക്വഡോർ പോരാട്ടത്തിന്റെ സെമിയിലാണ് ഈ ബാഴ്സ, സ്പാനിഷ് ബാഴ്സയായത്. എതിരാളികളായ ഡെൽഫിനെ ആദ്യ പാദത്തിൽ സ്വന്തം ​ഗ്രൗണ്ടിൽ ഒന്നിനെതിരെ നാല് ​ഗോളുകൾക്ക് ബാഴ്സ തോൽപ്പിച്ചു. ഇതോടെ ഇവർ ഫൈനൽ ഉറപ്പിച്ചതുമായിരുന്നു. എന്നാൽ എവേ ​ഗ്രൗണ്ടിലെ രണ്ടാം പാദത്തിൽ എതിരില്ലാത്ത മൂന്ന് ​ഗോളിന് ബാഴ്സ തോറ്റു. ഇതോടെ സ്കോർ തുല്യമായെങ്കിലും എവേ ​ഗോളിന്റെ ആനുകൂല്യത്തിൽ ഡെൽഫിൽ ഫൈനലിലേക്ക്

2017-18 ചാമ്പ്യൻസ് ലീ​ഗ് ക്വാർട്ടറിൽ ബാഴ്സലോണയുടെ തോൽവിയുടെ തനിയാവർത്തനമാണ് ഇക്വഡോറിൽ നടന്നത്. അന്ന് ഇറ്റാലിയൻ ക്ലബ് റോമയോട് ആദ്യ പാദത്തിൽ ഒന്നിനെതിരെ നാല് ​ഗോളുകൾക്ക് സ്പാനിഷ് ബാഴ്സലോണ ജയിച്ചിരുന്നു. രണ്ടാം പാദത്തിൽ എതിരില്ലാത്ത മൂന്ന് ​ഗോൾ തിരിച്ചടിച്ച് റോമ ബാഴ്സയെ വീഴ്ത്തുകയും ചെയ്തു.