SHARE

തങ്ങളുടെ 9 ഇന്ത്യൻ താരങ്ങളെ ജനുവരിയിൽ ലോണിനയക്കാൻ ഈസ്റ്റ് ബെംഗാൾ തീരുമാനിച്ചതായി കഴിഞ്ഞ ദിവസമാണ് വാർത്തകൾ പുറത്ത് വന്നത്. മലയാളി സൂപ്പർ താരം സി കെ വിനീതും, ഇന്ത്യയ്ക്ക് വേണ്ടി കളിച്ചിട്ടുള്ള മധ്യനിര താരം യൂജിൻസൺ ലിംഗ്ദോയും അടക്കമുള്ള താരങ്ങളായിരുന്നു ഈ ലിസ്റ്റിലുണ്ടായിരുന്നത്. ഒരുമിച്ച് ഇത്രയധികം താരങ്ങളെ ലോണിൽ അയക്കാൻ ഈസ്റ്റ് ബെംഗാൾ തീരുമാനിച്ചത് ഫുട്ബോൾ പ്രേമികൾക്ക് വലിയ അമ്പരപ്പ് സമ്മാനിച്ചിരുന്നു.

ഇപ്പോളിതാ ഈസ്റ്റ് ബെംഗാൾ, തങ്ങളുടെ ടീമിൽ നിന്ന് ഒഴിവാക്കാൻ ആഗ്രഹിക്കുന്ന സീനിയർ മധ്യനിര താരം യൂജിൻസൺ ലിംഗ്ദോയെ സ്വന്തമാക്കാൻ മറ്റൊരു ഐ എസ് എൽ ക്ലബ്ബായ ഒഡീഷ എഫ് സി രംഗത്തെത്തിയിരിക്കുന്നു. ഈസ്റ്റ് ബെംഗാളിൽ ലിംഗ്ദോയ്ക്ക് ലഭിച്ചു കൊണ്ടിരുന്ന വേതനം നൽകാൻ തയ്യാറായി മുന്നോട്ടു വന്ന ഒഡീഷ എഫ് സി. സീസണിലെ ശേഷിക്കുന്ന സമയത്തേക്കാകും താരവുമായി കരാർ ഒപ്പിടുക.

അതേ സമയം നേരത്തെ ഈസ്റ്റ് ബെംഗാൾ ലോണിനയക്കാൻ തീരുമാനിച്ചിരുന്ന താരങ്ങളിൽ ഗുർത്തേജ് സിംഗ്, റഫീഖ് അലി സർദാർ എന്നിവർ ഐ ലീഗ് ക്ലബ്ബായ മൊഹമ്മദൻസിലേക്ക് ലോണിൽ കളിക്കാൻ പോയിരുന്നു. എന്നാൽ ഈസ്റ്റ് ബെംഗാൾ ഒഴിവാക്കാൻ ഉദ്ദേശിക്കുന്ന താരങ്ങളിൽ ഏറ്റവും പ്രധാനികളായ സി കെ വിനീത്, ബൽവന്ത് സിംഗ് എന്നിവർക്ക് ഇതേ വരെ പുതിയ ടീം കണ്ടെത്താനായിട്ടില്ല.