SHARE

യുവേഫ യൂറോപ്പ ലീഗിൽ ചെൽസി, ആഴ്സനൽ ടീമുകൾക്ക് തകർപ്പൻ ജയം. ചെൽസി മറുപടിയില്ലാത്ത 5 ഗോളുകൾക്ക് ഡൈനാമോ കീവിനെ മറികടന്നപ്പോൾ, റെനസിനെതിരെ 3-0 നാണ് ആഴ്സനലിന്റെ വിജയം. വിജയങ്ങളോടെ ഇരു ടീമുകളും അടുത്ത റൗണ്ടിലേക്ക് കടന്നു.

ഡൈനാമോ കീവിന്റെ ഹോം ഗ്രൗണ്ടിൽ നടന്ന പോരാട്ടത്തിൽ ഒളിവർ ജിറൂഡിന്റെ ഹാട്രിക്കാണ് ചെൽസിക്ക് തകർപ്പ‌ൻ വിജയം സമ്മാനിച്ചത്. മാർക്കോസ് അലൊൻസൊ, ഹഡ്സൺ ഒഡോയ് എന്നിവർ ടീമിന്റെ ബാക്കി ഗോളുകൾ നേടി. ഇരുപാദങ്ങളിലുമായി 8-0 ന്റെ ലീഡോടെയാണ് ചെൽസി ക്വാർട്ടറിലേക്ക് മുന്നേറിയത്.

ഔബമയാംഗിന്റെ ഇരട്ട ഗോളുകളാണ് ലണ്ടനിൽ ആഴ്സനൽ ജയത്തിന് കരുത്തായത്. ആദ്യ പാദത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെട്ടിരുന്ന ആഴ്സനലിന്റെ വമ്പൻ തിരിച്ചുവരവാണ് മത്സരത്തിൽ കണ്ടത്. എതിരാളികൾക്ക് മത്സരത്തിൽ ഒരവസരവും നൽകാതിരുന്ന പീരങ്കിപ്പട, രണ്ടാം പാദത്തിൽ 3-0 ന് ജയിച്ച് ഇരുപാദങ്ങളിലുമായി 4-3 ന്റെ മുൻ തൂക്കം നേടിയാണ് അടുത്ത റൗണ്ടിലേക്ക് മുന്നേറിയത്