SHARE

കൊറോണ വൈറസ് വ്യാപിച്ചതോടെ ഫുട്ബോളിന് വലിയ തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്. മത്സരങ്ങളെല്ലാം നിർത്തിവച്ചിരിക്കുന്നതോടെ കനത്ത സാമ്പത്തിക പ്രതിസന്ധിയാണ് ബാഴ്സലോണ അടക്കമുള്ള വൻ ക്ലബുകൾ നേരിടുന്നത്. പണം കണ്ടെത്താനായി പ്രധാന കളിക്കാരെ വിൽക്കാൻ വരെ പല ക്ലബുകളും ആലോചിക്കുന്നതായി വാർത്തകൾ വരുന്നുണ്ട്. എന്നാൽ ഇതിനിടയിലും പിടിച്ചുനിൽക്കുന്ന ചില ക്ലബുകളുണ്ട്.

ലീ​ഗുകൾ നിർത്തിവച്ചതോടെ ക്ലബുകളുടെ വരുമാനം നിലച്ചു. കാണികളിൽ നിന്നുള്ള വരുമാനം, ചാനലുകളിൽ നിന്നുള്ളവ, പരസ്യവരുമാനം എന്നിവയും നിലച്ചു. ലീ​ഗുകളിൽ നിന്നുള്ള പ്രതിഫലവും ക്ലബുകൾക്ക് ലഭിക്കുന്നില്ല. അതിനാൽ തന്നെ കളിക്കളത്തിന് പുറത്തുനിന്നുള്ള വരുമാനമാണ് ഇപ്പോൾ ക്ലബുകളുടെ സാമ്പത്തികസ്രോതസ്സ്

ജർമൻ സൂപ്പർ ക്ലബ് ബയേൺ മ്യൂണിച്ചാണ് ഇവരിൽ മുന്നിൽ. സീസണിലെ എന്നല്ല ഈ വർഷത്തെ ശേഷിക്കുന്ന മത്സരങ്ങളെല്ലാം തന്നെ അടച്ചിട്ട സ്റ്റേഡിയത്തിൽ നടത്തിയാലും നിലവിലെ സാമ്പത്തിക സ്ഥിതി വച്ച് ബയേണിന് പിടിച്ചുനിൽക്കാം എന്നാണ് പ്രശസ്ത മാധ്യമമായ ട്രിബൂണ റിപ്പോർട്ട് ചെയ്യുന്നത്. വരുന്ന ട്രാൻസ്ഫർ ജാലകത്തിൽ ഏറ്റവുമധികം പണം മുടക്കാൻ സാധ്യതയുള്ള ക്ലബും ബയേണാണെന്ന് ഇവർ പറയുന്നു.

സ്പാനിഷ് ക്ലബ് റയൽ മഡ്രിഡ്, ഫ്രഞ്ച് ക്ലബ് പി.എസ്.ജി, ഇം​ഗ്ലീഷ് ക്ലബുകളായ മാഞ്ചസ്റ്റർ സിറ്റി, മാഞ്ചസ്റ്റർ യുണൈറ്റഡ്, ലിവർപൂൾ, ചെൽസി എന്നീ ക്ലബുകളും കൊറോണ വൈറസുയർത്തുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഇതിൽ തന്നെ സിറ്റി, പി.എസ്.ജി, ചെൽസി എന്നീ ക്ലബുകൾ പൂർണായും ഉടമകളുടെ സാമ്പത്തിക പിൻബലത്തിലാണ് പിടിച്ചുനിൽക്കുന്നത്.