SHARE

യൂറോപ്പിലെ പ്രധാന ലീ​ഗുകളിൽ ഇന്നലെ നടന്ന മത്സരങ്ങളിൽ ജയവും പരാജയവും രുചിച്ച് വൻ ടീമുകൾ. മാഞ്ചസ്റ്റർ യുണൈറ്റഡ്, യുവന്റസ്, അത്ലെറ്റിക്കോ മഡ്രിഡ് തുടങ്ങിയവർ ജയിച്ചപ്പോൾ ബാഴ്സലോണ, മാഞ്ചസ്റ്റർ സിറ്റി തുടങ്ങിയവർ തോൽവി നേരിട്ടു. റയൽ മഡ്രഡിന് സമനിലകൊണ്ട് സമാധാനിക്കേണ്ടിവന്നു.

ലാ ലി​ഗയിൽ അത്ലെറ്റിക്കോ മഡ്രിഡാണ് ബാഴ്സലോണയെ തോൽപ്പിച്ചത്. എതിരില്ലാത്ത ഒരു ​ഗോളിനായിരുന്നു ജയം. യാന്നിക് കരാസ്കോയാണ് അത്ലെറ്റിക്കോയുടെ വിജയ​ഗോൾ നേടിയത്. ലാ ലി​ഗയിലെ തന്നെ മറ്റൊരു മത്സരത്തിൽ വിയ്യാറയലാണ് റയൽ മഡ്രിഡിനെ സമനിലയിൽ തളച്ചത്. ഇരുവരും ഓരോ ​ഗോൾ വീതം നേടി. റയലിനായി മരിയാനോയും വിയ്യാറയലിനായി ജെറാർഡ് മൊറേനോയുമാണ് വലകുലുക്കിയത്.

പ്രീമിയർ ലീ​ഗിൽ ടോട്ടനമാണ് എതിരില്ലാത്ത രണ്ട് ​ഗോളിന് സിറ്റിയെ വീഴ്ത്തിയത്. ഹ്യൂങ് മിൻ സോൺ, ജിയോവാനി ലോ കെൽസോ എന്നിവർ സ്പർസിനായി ​ഗോളുകൾ നേടി. മാഞ്ചസ്റ്റർ യുണൈറ്റഡ് എതിരില്ലാത്ത ഒരു ​ഗോളിന് വെസ്റ്റ് ബ്രോമിനെ വീഴ്ത്തി. ബ്രൂണോ ഫെർണാണ്ടസാണ് ​ഗോൾ നേടിയത്.

സെരി എയിൽ എതിരില്ലാത്ത രണ്ട് ​ഗോളിന് യുവന്റസ് കാ​ഗ്ലിയാരിയെ തോൽപ്പിച്ചു. സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് രണ്ട് ​ഗോളുകളും നേടിയത്.